SignIn
Kerala Kaumudi Online
Thursday, 19 September 2024 12.53 AM IST

വയനാട് ഓർമ്മിപ്പിക്കുന്നത്

Increase Font Size Decrease Font Size Print Page

wayanadu

ഇന്ന് ലോക പരിസ്ഥിതിദിനം

............................

പാരിസ്ഥിതികമായി തീർത്തും ദുർബലവും ലോലവുമാണ് വയനാട്. വൈകിയാണെങ്കിലും ഇൗ മുന്നറിയിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഉരുൾപൊട്ടൽ ദുരന്തങ്ങൾ എന്താണ് നമ്മെ ഒാർമ്മിപ്പിക്കുന്നത്? മുൻ ജില്ലാ മണ്ണ് സംരക്ഷണ ഒാഫീസർ പി.യു.ദാസ് വയനാടിനെക്കുറിച്ച് ഒട്ടേറെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഏറ്റവും ഒടുവിൽ വയനാട്ടിലെ മേപ്പാടി പുത്തുമലയിൽ രണ്ട് വർഷം മുമ്പ് നടന്ന ഉരുൾ പൊട്ടലിൽ പൊലിഞ്ഞത് പതിനാറ് വിലപ്പെട്ട ജീവനുകളാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. സമുദ്രനിരപ്പിൽ നിന്നും 630 മീറ്റർ മുതൽ 2240 മീറ്റർ വരെ ഉയരമുള്ള, കുത്തനെ ചരിവുള്ള ഉയർന്ന കുന്നുകളും ഇടത്തരം ചരിവുള്ള അനേകം ചെറിയ കുന്നുകളും സമതല പ്രദേശങ്ങളും ചതുപ്പുകളും താഴ്വരകളും വയലുകളും അടങ്ങിയതാണ് വയനാട്. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന മഴ കിട്ടിയിരുന്ന സ്ഥലം.1980 മുതൽ അടിയ്ക്കടി വരൾച്ച അനുഭവിക്കേണ്ടി വന്നു. 2018 വരെ ജില്ല ഇതിനെ അതിജീവിക്കാനുള്ള ആസൂത്രണ പരിപാടികളുമായി മുന്നോട്ടു പോയി.


2016 ൽ 59 ശതമാനത്തിന്റെയും 2017ൽ 37 ശതമാനത്തിന്റയും കുറവാണ് ശരാശരി വർഷപാതത്തിൽ ഉണ്ടായി. 2018ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ മുതൽ ഇക്കഴിഞ്ഞവേനൽ മഴ വരെ അളവിലും കാലത്തിലും സമയ ദൈർഘ്യത്തിലും തീവ്രതയിലും പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ് നൽകിയത്.
പ്രളയത്തോടൊപ്പം ഉരുൾപ്പൊട്ടലും മണ്ണിടിച്ചലും ഭൂമിയിൽ വിള്ളലുകളും വ്യാപകമായി. വയനാട് പാരിസ്ഥിതികമായി അതിലോലവും ദുർബലവുമാണെന്നുള്ള പരിസ്ഥിതി ഭൗമ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകൾ തെളിയിക്കപ്പെട്ടു.എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു കെടുതിയിലേക്ക് വയനാട് എത്തിപ്പെട്ടത്?.പി.യു. ദാസ് അതിന് ഉത്തരം നൽകുന്നു.

വയനാട്ടിലെ ഭൂവിനിയോഗത്തിൽ

വന്ന മാറ്റങ്ങളാണ് പ്രധാനം.
2132 ച.കി.മി. വിസ്തൃതിയുള്ളതാണ് വയനാട്. കവേരി നദിയിലേക്ക് നിർലോഭം ജലം സംഭാവന ചെയ്യുന്ന, പശ്ചിമഘട്ട മല തലപ്പിലെ ഏറ്റവും ജൈവസമ്പന്നമായ മേഖല. ജില്ലയുടെ 72% വും കബനീനദിയിലേക്കുള്ള നീരൊഴുക്കു പ്രദേശങ്ങളാണ്. കർണ്ണാടകയിലെ നുകു അണക്കെട്ടിലേക്കും ജില്ലയുടെ പത്തു ശതമാനം പ്രദേശത്തു നിന്നും വെള്ളം ഒഴുകുന്നു. കണ്ണൂർ ജില്ലയിലെ വളപട്ടണം, അഞ്ചരക്കണ്ടി, മാഹി,കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, കോരപ്പുഴ, ചാലിയാർ എന്നീ പുഴകളിലേക്കും വയനാടിന്റെ ഉയർന്ന മലനിരകളിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നുണ്ട്.
ഒരു പ്രദേശത്തിന്റെ ജൈവ സ്വഭാവം രൂപപ്പെടുന്നതിലും, അവിടത്തെ കൃഷി, ഭൂവിനിയോഗം, ജീവനോപാധികൾ എന്നിവ നിശ്ചയിക്കുന്നതിലും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും സംസ്‌കാരവും തീരുമാനിക്കുന്നതിലും, കാലാവസ്ഥ, ജൈവിക ഇടപെടൽ,മണ്ണിന്റെ സ്വഭാവസവിശേഷതകൾ, ഭൗമോപരിതലത്തിന്റെ നിമ്‌നോന്നതങ്ങൾ എന്നീ നാലു ഘടകങ്ങളാണ് പ്രധാനമായും സ്വാധീനം ചെലുത്തുന്നത്.
കഴിഞ്ഞ രണ്ടരപതിറ്റാണ്ടിലായി കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങൾക്ക് ജില്ലയിലെ ഭൂവിനിയോഗം ഇടയാക്കി. ജില്ലയിലെ ജൈവിക ഇടപെടൽ, ഇവിടുത്തെ സൂക്ഷ്‌മ കാലാവസ്ഥയെയും തണുപ്പ് ,കോടമഞ്ഞ്, ചൂട്, ജലസുരക്ഷ എന്നിവയെയും ബാധിച്ചു.
വയൽനാടാണ് വയനാട്. വയനാട്ടിൽ കാണുന്നത് യാഥാർത്ഥത്തിൽ വയലുകളായിരുന്നില്ല. കുന്നുകളിൽ നിന്നൊഴുകി വന്ന എക്കലും ജൈവസമ്പന്നമായ മേൽ മണ്ണും വർഷങ്ങളായി നിക്ഷേപിക്കപ്പെട്ട ചതുപ്പുകളായിരുന്നു ഇവയെല്ലാം. വയനാടിന്റെ അതിർത്തികളിൽ നാലിൽ മൂന്നു ഭാഗവും ഉയർന്ന മലനിരകളാണ്. ബ്രഹ്മഗിരി, കമ്പമല,മക്കിമല, പേരിയാ, തൊണ്ടർ മുടി, ബാണാസുര, കുറിച്യർമല ,നരിക്കോട്ടുമല ,സുഗന്ധഗിരി ,ലക്കിടി, എളമ്പിലേരി, ചൂരൽമല, മുണ്ടക്കൈ, വെള്ളരിമല ,നീലിമല, അമ്പുകുത്തി, എന്നിവ തുടർച്ചയായ മലനിരകളാണ്.ഈ കുന്നുകളോട് ചേർന്ന് വയനാടൻ ഭാഷയിൽ കൊരവ എന്നറിയപ്പെടുന്ന ചതുപ്പുനിലങ്ങളാണുണ്ടായിരുന്നത്. ആന പോലും താഴ്ന്നു പോകുമായിരുന്ന ഈ ചതുപ്പുകളിൽ ഉദ്ദേശം 500 വർഷങ്ങൾക്കടുപ്പിച്ചാണ് നെൽക്കൃഷി ചെയ്യാനാരംഭിച്ചത്. അമ്പലവയലിനടുത്ത് നെല്ലറച്ചാൽ എന്ന സ്ഥലത്താണ് ആദ്യമായി ചതുപ്പിൽ നെൽകൃഷി ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. ക്രമേണ ജില്ല മുഴുവൻ നെൽകൃഷി വ്യാപിക്കുകയുണ്ടായി. ഇതായിരുന്നു ഭൂവിനിയോഗത്തിൽ വയനാട്ടിലുണ്ടായ ആദ്യത്തെ മനുഷ്യ ഇടപെടൽ അഥവാ ജൈവിക ഇടപെടൽ.1970നോടു കൂടി നെൽകൃഷി ചെയ്തിരുന്ന ഈ ചതുപ്പുനിലങ്ങളെല്ലാം വാഴയിലേക്കും കമുകിലേക്കും മാറ്റപ്പെട്ടു.


ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസായ കബനീനദിയിലേക്ക് ഒഴുകിയെത്തുന്ന നീർച്ചാൽ ശൃംഖലകൾ ഉത്ഭവിക്കുന്നത് മലനിരകളിൽ നിന്നാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നിബിഡമായ മഴക്കാടുകൾ ഉണ്ടായിരുന്നതും ഇവിടെത്തന്നെ. 1800ന്റെ അവസാനത്തിലും 1900 ന്റെ തുടക്കത്തിലുമായി ടിപ്പുവിനെയും പഴശ്ശിയെയും പരാജയപ്പെടുത്തിയ ബ്രിട്ടീഷ് കമ്പനിയുടെ അധിനിവേശത്തിൻ കീഴിൽ തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കിയ വനനശീകരണമായിരുന്നു വയനാടിനേറ്റ കനത്ത രണ്ടാമത്തെ മനുഷ്യ ഇടപെടൽ ആഘാതം . 70 വർഷങ്ങൾക്കു മുമ്പുണ്ടായ കുടിയേറ്റം ഭൂവിനിയോഗത്തിലും വിളവിന്യാസത്തിലും ചുരുങ്ങിയ സമയത്തിനകം വരുത്തിയ മാറ്റങ്ങൾ വലുതാണ്. വാറ്റുപുല്ലിൽ തുടങ്ങുകയും കപ്പയും കാപ്പിയും കുരുമുളകും കൃഷി ചെയ്യുകയും, കാപ്പിയേക്കാൾ ലാഭം കുരുമുളകിനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കാപ്പി പിഴുത് കുരുമുളക് വ്യാപിപ്പിക്കുകയും അതോടൊപ്പം കാപ്പിക്കാവശ്യമായിരുന്ന തണൽവൃക്ഷങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. ഇത് വൃക്ഷമേൽച്ചാർത്തിന്റെ സാന്ദ്രതയിൽ വലിയ കുറവുണ്ടാക്കി. മണ്ണിലെ ജൈവപിണ്ഡത്തിന്റെയും ജൈവ കാർബണിന്റെയും അളവിൽ വലിയ ശോഷണത്തിനിടയാക്കി. മണ്ണിന്റെ സ്വാഭാവിക ജലാഗിരണസംഭരണ ശേഷി നഷ്ടപ്പെടുത്തി. മണ്ണിനകത്തു കൂടിയുള്ള ജലനിർഗമനം വർദ്ധിച്ചു.ഇത് കടുത്ത വരൾച്ചക്കും ഒപ്പം പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും ഇടയാക്കുന്ന സാഹചര്യമൊരുക്കി.

ചുരുങ്ങിയ കാലയളവിൽ പെയ്തിറങ്ങിയ അതിതീവ്ര മഴ പ്രധാന വില്ലനായി. ഇരുപത്തിനാലു മണിക്കൂറിൽ 510 മി.മി. വരെ മഴ പെയ്ത സ്ഥലങ്ങളുണ്ടായി. മഴ കുടിച്ച് കുതിർന്ന മലകൾ തുലനം തെറ്റി. ഉള്ളിൽ സംഭരിച്ച വെള്ളത്തെ ഉരുൾപൊട്ടലായി ശക്തമായി പുറന്തള്ളി.
30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ളതും നിർമ്മാണങ്ങൾക്കായി ചരിവോരം ഖനനം ചെയ്ത് ചരിവിന്റെ തുലനം തെറ്റിച്ച കുന്നുകൾക്കാണ് അപകടം കൂടുതൽ സംഭവിച്ചത്. താരതമ്യേന ചരിവ് കുറഞ്ഞ മണ്ണാഴം കൂടിയ കുന്നുകളിൽ ഭൂമി പിളർന്ന് മീറ്ററുകളോളം തഴേക്കിറങ്ങി സമീപചതുപ്പിലേക്കും വയലിലേക്കും നിരങ്ങി ഇറങ്ങിയതും വയനാട് കണ്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.