കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് 1,202 കോടി രൂപയുടെ ചെലവുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരം പുറത്തുവന്നതോടെ സർക്കാർ വെട്ടിലായി. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപയാണ് കാണിച്ചിരിക്കുന്നത്. 359 മൃതദേഹങ്ങൾക്കായി 2.77 കോടിയാണ് വകയിരുത്തിയത്. ദുരിതബാധിതരെ ഒഴിപ്പിക്കാനുള്ള വാഹന ചെലവായി 12 കോടിയാണ് മാറ്റിയത്. മണ്ണുമാന്തികൾക്ക് 15 കോടിയും ചെലവിട്ടെന്നാണ് രേഖ.സ്വമേധയാ മണ്ണുമാന്തികളുമായി എത്തിയവർ ഇന്ധന ചെലവ്മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്.
രക്ഷാപ്രവർത്തകരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രയ്‌ക്കുമായി 6.5 കോടിയും വകയിരുത്തി.
വ്യോമസേനയുടെ എയർലിഫ്‌റ്റിംഗ് ദൗത്യത്തിന് ഭാവിയിൽ പണം നൽകേണ്ടിവരുമെന്ന പരാമർശത്തോടെ 17 കോടി കണക്കാക്കി. സൈന്യം പണിത ബെയ്‌ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരുകോടി ചെലവെഴുതി.
ജനറേറ്ററുകൾക്ക് 7 കോടി, ഡ്രോണുകൾക്ക് 3 കോടി എന്നിങ്ങനെയും കണക്കെഴുതി.സർക്കാർ വോളണ്ടിയർമാരുടെ ആരോഗ്യപരിചരണത്തിന് 2.02 കോടിയുമുണ്ട്. സേനയും വോളണ്ടിയർമാരുമടക്കം രക്ഷാപ്രവർത്തകർ -5,000, തകർന്ന വീടുകൾ - 2,007, ക്യാമ്പുകളിലെത്തിയത് -4,102 പേർ എന്നിങ്ങനെയാണ് കണക്ക്.
അതേസമയം, മരിച്ചവരുടെ ആശ്രിതർക്ക് 14.36 കോടിയും പരിക്കേറ്റ 300ലധികം പേർക്കായി 17.5 കോടിയും ഉപജീവന സഹായത്തിന് 14 കോടിയും മാത്രമാണുള്ളത്.
ചെലവിന്റെ കണക്കിൽ
മറിയുന്ന കോടികൾ
(തുക കോടിയിൽ)
1. ദുരിതാശ്വാസ ക്യാമ്പുകളിൽ
വസ്ത്രം...................11
ഭക്ഷണം ...................8
ആരോഗ്യം...............8
ജനറേറ്റർ..................7
2. രക്ഷാസേന/വോളണ്ടിയർ
ഭക്ഷണം....................10
താമസം.....................15
യാത്ര..........................4,
ടോർച്ച്/മഴക്കോട്ട്/
കുട/ബൂട്ട്...................2.98
പരിചരണം.............. 2.02
3. ജനവാസമേഖല
വീട് പുനർനിർമ്മാണം.............250
കൃഷി/മൃഗം നഷ്ടപരിഹാരം... 297
വസ്ത്രം/പാത്രങ്ങൾ.................... 27
കുടിവെള്ള വിതരണം................4.5
ഭൂമി പഴയപടിയാക്കൽ..............36
വൈദ്യുതി എത്തിക്കാൻ.............14
വെള്ളക്കെട്ട് നിവാരണം...............3
സ്കൂളുകൾ പുനരുദ്ധാരണം.....18
കേന്ദ്രസഹായത്തിന് കുരുക്കായേക്കും
1.വയനാട് ദുരന്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ. കേന്ദ്രസഹായത്തിനായി തയ്യാറാക്കിയ 'മെമ്മോറാണ്ടം - കേരള' എന്ന രേഖ ആഗസ്റ്റ് 23നാണ് സമർപ്പിച്ചത്. ഇത് സെപ്തംബർ ആറിന് പുനരധിവാസം സംബന്ധിച്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ ഭാഗമാവുകയും ചെയ്തു.
2. യഥാർത്ഥത്തിൽ ചെലവായ തുകയല്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തി, കേന്ദ്രമാനദണ്ഡപ്രകാരം തയ്യാറാക്കിയ കണക്കെടുപ്പ് മാത്രമാണെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. ഇതോടെ കേരളം ആവശ്യപ്പെട്ട തുക തരാതിരിക്കാൻ കേന്ദ്രത്തിന് പിടിവള്ളിയായി.
` സർക്കാർ നടത്തിയത് മനുഷ്യത്വരഹിതമായ കൊള്ള. ഒരു രൂപ പോലും വാങ്ങാതെയാണ് സേവാഭാരതി മൃതദേഹങ്ങൾ സംസ്‌കരിച്ചത്. നിസ്വാർത്ഥമായി കേരളത്തിലെ സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചതിന് കോടിക്കണക്കിന് രൂപയാണ് സർക്കാർ എഴുതിയെടുത്തത്.'
- കെ. സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന
പ്രസിഡന്റ്
അത് ചെലവഴിച്ച
തുകയല്ല:മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകയായി പുറത്തുവന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ പ്രസക്ത ഭാഗങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. ദുരന്ത ബാധിതർക്ക് അർഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയാറാക്കിയ അനുമാനങ്ങൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സത്യവാങ്മൂലത്തിൽ നൽകിയത്. പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തിയുള്ള മെമ്മോറാണ്ടമാണ് കേന്ദ്ര സർക്കാരിന് നൽകിയത്. സംസ്ഥാന ദുരന്തനിവാരണ നിധിയുടെ (എസ്.ഡി.ആർ.എഫ്) മാനദണ്ഡ പ്രകാരം തയ്യാറാക്കിയ അനുമാനത്തുക ദുരന്തത്തിൽ ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല. കേന്ദ്ര മാനദണ്ഡപ്രകാരം ക്ലെയിം ചെയ്യാനുള്ള തുക മാത്രമാണത്.
ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ച് സംസ്ഥാന സർക്കാർ തെറ്റായ രീതിയിൽ കണക്കുകളും ബില്ലുകളും പെരുപ്പിച്ചുകാട്ടിയെന്ന് പ്രചാരണം നടത്തുന്നത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണ്. തെറ്റായി വാർത്ത നൽകിയ മാദ്ധ്യമങ്ങൾ തിരുത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |