കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരിതംബാധിച്ചവർക്കുള്ള ബാങ്ക് വായ്‌പകൾ എഴുതിത്തള്ളും. കേരള സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കാണ് 52 പേരുടെ 64 ലോണുകൾ എഴുതിത്തള്ളാൻ തീരുമാനിച്ചത്.
നേരത്തെ വയനാട് ദുരന്തത്തെ തുടർന്ന് ചൂരൽമല സ്വദേശികളുടെ വായ്പകൾ എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ചൂരൽമല ശാഖയിൽ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളുക. ഉരുൾപൊട്ടലിൽ മരിച്ചവരുടെയും ഈടുനൽകിയ വീടും വസ്തുവും നഷ്ടപ്പെട്ടവരുടെയും വായ്പ എഴുതിത്തള്ളും. നിലവിൽ ഒമ്പതു പേരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപയും നൽകി. കേരള ബാങ്ക് ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രായോഗിക സമീപനത്തോടെ സഹകരിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തിൽ ആഴ്‌ചകൾക്ക് മുൻപ് തീരുമാനമെടുത്തിരുന്നു. ദുരന്തത്തിൽ മരിച്ചവർ, സ്വത്തുക്കൾ പൂർണമായും നഷ്ടപ്പെട്ടവർ തുടങ്ങിയവയടക്കം കണക്കാക്കിയാകും വായ്പകൾ എഴുതിത്തള്ളുന്നതിലടക്കം ബാങ്കുകൾ തീരുമാനമെടുക്കുക. അതിനനുസരിച്ച് കാർഷിക വായ്പകളടക്കം ചിലതിന് ഒരു വർഷത്തെ മൊറട്ടോറിയം നൽകും. പലിശയും അടവുബാക്കിയും ചേർത്ത് അഞ്ചു വർഷക്കാലത്തെ തിരിച്ചടവ് കാലാവധിയോടെ പുതിയ വായ്പകളാക്കി മാറ്റും.
ഓരോ ജീവിതോപാധി മേഖലയെയും സൂഷ്മമായി വിലയിരുത്തി സാമ്പത്തിക സഹായം നൽകും. കാർഷികാദായം നഷ്ടമാകുകയും കൃഷി സ്ഥലം നിലനിൽക്കുകയും ചെയ്തവർക്കും കൃഷിഭൂമി നഷ്ടമായവർക്കും പ്രത്യേക വായ്പകൾ നൽകും. പ്രകൃതി ദുരന്ത നിയമം അനുസരിച്ച് റിസർവ് ബാങ്ക് പുറത്തിറക്കിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് പലിശയും തിരിച്ചടവ് കാലാവധിയും ഈട് വ്യവസ്ഥകളടക്കം നിർണ്ണയിക്കുക. എല്ലാത്തിനും ഇളവുകളുണ്ടാകും. ദുരന്തമേഖലയിൽ 3220 പേരാണ് വായ്പകളെടുത്തിട്ടുള്ളത്. 35.32 കോടിയാണ് ഇവരുടെ ആകെ വായ്പാതുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |