രാജാക്കാട്: ഇവിടെ ചരിത്രങ്ങളുടെ ചില ശേഷിപ്പുകൾ വെളിഞ്ഞ് വരുകയാണ്. മഴമാറിനിന്ന് നീരൊഴുക്ക് കുറഞ്ഞപ്പോൾ മാട്ടുപ്പെട്ടിപ്പെട്ടി ഡാം വറ്റി വരണ്ടെങ്കിലും സഞ്ചാരികൾക്കുമുന്നിൽ കാണാക്കാഴ്ചകളുടെ പുതിയൊരു ലോകം തുറക്കുകയാണ്. സംസ്ക്കാരവിനോദ സഞ്ചാരികളുടെ നിത്യവിസ്മയമായ വെള്ളത്തിനടിയിൽ മറഞ്ഞുകിടന്നിരുന്ന അപൂർവ കാഴ്ചകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊളോണിയൽ കാലത്തെ പല നിർമ്മിതികളുടെയും അവശേഷിപ്പുകൾ കാണാനാകുന്നുഎന്നതാണ് പ്രത്യേകത..കേവല കൗതുകത്തിനപ്പുറം ഒരുകാലത്ത് ഇവിടെ നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ ചിത്രംകൂടിയാണ് സഞ്ചാരികൾക്കായി മിഴിതുറക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടുമുതൽ മൂന്നാറിൽ നിന്ന് കുണ്ടളയിലേയ്ക്ക് ഉണ്ടായിരുന്ന ട്രെയിൻ സർവീസിന്റെ പാളത്തിന്റേതെന്ന് കരുതപ്പെടുന്ന ഇരുമ്പ് കാലുകൾ, പാറമടകളിൽ നിന്ന് കരിങ്കല്ല് ഡാമിലേയ്ക്ക് എത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന സംവിധാനങ്ങളുടെ അവശിഷ്ടങ്ങൾ, ബ്രിട്ടീഷുകാർക്കും തൊഴിലാളികൾക്കും താമസിക്കുന്നതിനായി നിർമ്മിച്ച കെട്ടിടങ്ങളുടെ കരിങ്കൽ ഭിത്തികൾ തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്.
മുമ്പുണ്ടായിരുന്ന മാട്ടുപ്പെട്ടി ഗ്രാമത്തിലെ കല്ലുകൊണ്ട് നിർമ്മിച്ച തൊഴിലാളി ലയങ്ങളുടെയും ബ്രീട്ടീഷ് ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളാണ് മറ്റൊരാകർഷണം. എഴുപത് വർഷം വെള്ളത്തിൽ മുങ്ങിക്കിടന്നിട്ടും ചുവരുകൾ തകർന്നുവീഴാതെ നിൽക്കുകയാണ് ഇവ. ഉദ്യോഗസ്ഥരുടെ കെട്ടിടങ്ങൾക്ക് വലിയ കല്ലുകളും, തൊഴിലാളികളുടേതിന് ചെറിയവയുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പഴമക്കാർ പറയുന്നു.
മൂലക്കല്ലുകൾ
തെളിഞ്ഞു
പൗരാണികമായ ചന്ദനമാരിയമ്മൻ കോവിലിന്റെ അവശേഷിപ്പുകളാണ് മറ്റൊന്ന്. ഇവ നാട്ടുകാരിൽ വൈകാരികമായ അടുപ്പം കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ഇവിടെ പ്രതിഷ്ഠിച്ചിരുന്ന മാരിയമ്മന്റെ വിഗ്രഹം ഡാം നിർമ്മാണകാലത്ത് മാട്ടുപ്പെട്ടിയ്ക്ക് സമീപത്തെ കുട്ടിയാറിലേയ്ക്ക് മാറ്റി സ്ഥാപിച്ചിരുന്നു. നൂറ്റാണ്ടുകൾ വെള്ളത്തിനടിയിൽ കിടന്നതുമൂലം ശ്രീകോവിൽ ഏറെക്കുറെ പൂർണ്ണമായി നശിച്ചെങ്കിലും കരിങ്കല്ലിൽ കൊത്തിയെടുത്ത മൂലക്കല്ലും പ്രതിഷ്ഠ നടന്ന സ്തൂപങ്ങളുമെല്ലാം അവശേഷിക്കുന്നു.
വിളക്ക് വയ്ക്കുന്നതിനുള്ള തുളസിത്തറയെന്നോ ബലിപീഠമെന്നോ ശവക്കല്ലറയെന്നോ ഒക്കെ കരുതാവുന്ന ഒരു നിർമ്മിതിയുമുണ്ട്.അതും പുതു തലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്തവയാണ്.
മഴ പെയ്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നതോടെ ഇപ്പോഴത്തെ കാഴ്ച്ചകൾ വെള്ളത്തിനടിയിലാകും. അതുവരെ ചരിത്രപഠിതാക്കൾക്കും സന്ദർശകർക്കും മുന്നിൽ പോയകാലത്തിന്റെ അടയാളപ്പെടുത്തലായി ഇവ തെളിഞ്ഞുനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |