കൊച്ചി: കടന്നാൽ കുടുങ്ങി എന്നൊക്കെ കടമക്കുടിയെ വിളിച്ചിരുന്ന കാലം അവസാനിക്കുന്നു. റോഡിനും പാലത്തിനും പിന്നാലെ കടമക്കുടിയുടെ ഗ്രാമീണ സൗന്ദര്യത്തിലേക്ക് ജലഗതാഗതത്തിന്റെ അനന്തസാദ്ധ്യത തുറന്നിട്ട് വാട്ടർമെട്രോകൂടി വരുന്നതോടെ കടമക്കുടിയിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും.
റോഡും പാലവും തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ വന്നതോടെ കടമക്കുടിയിലേക്ക് എത്താൻ ഇപ്പോൾ പഴയപോലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല. വാട്ടർമെട്രോകൂടി എത്തുന്നതോടെ കടമക്കുടിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം വൻതോതിൽ ഉയരും. വാട്ടർമെട്രോ സ്‌റ്റേഷന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. നിർമ്മാണം പൂർത്തീകരിച്ചാൽ അധികം വൈകാതെ വാട്ടർമെട്രോ ബോട്ട് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എവിടെ നിന്നൊക്കെയാണ് കടമക്കുടിയിലേക്ക് സർവീസ് ഉള്ളതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വൈപ്പിൻ നിയോജകമണ്ഡലത്തിലെ വാട്ടർ മെട്രോ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 14 ടെർമിനലുകളിൽ കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്.
ബോട്ടുകൾ ലഭ്യമാക്കി മറ്റ് അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി ഈ വർഷാവസാനത്തോടെ രണ്ട് ടെർമിനലുകൾ പ്രവർത്തന സജ്ജമാക്കാനാണ് പദ്ധതി. നിലവിൽ വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് നോർത്ത് എന്നീ ടെർമിനലുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മുളവുകാട് പഞ്ചായത്ത്, പൊന്നാരിമംഗലം, ചേന്നൂർ, കോതാട്, പിഴല, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളങ്കുന്നപ്പുഴ, മൂലമ്പിള്ളി എന്നീ ടെർമിനലുകൾക്കായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയുമാണ്. 2023 ഏപ്രിൽ 25ന് പ്രവർത്തനമാരംഭിച്ച വാട്ടർമെട്രോ നിലവിൽ ഹൈക്കോർട്ട്, ഫോർട്ടുകൊച്ചി, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് എന്നീ ടെർമിനലുകളിലാണ് 19 ബോട്ടുകളുമായി ഇപ്പോൾ സർവീസ് നടത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഹൈക്കോർട്ട്-ഫോർട്ട്‌കൊച്ചി റൂട്ടിലാണ്.
കടമക്കുടി
കൊച്ചി നഗരത്തിൽനിന്ന് കിലോമീറ്റർ മാത്രം അകലെയാണ് കടമക്കുടി. വലിയ കടമക്കുടി, മുരിക്കൽ, പാളയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശേരി, ചാരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കണ്ടനാട്, കടമക്കുടി തുടങ്ങി പതിനാല് ചെറുദ്വീപുകളുടെ സമൂഹമാണ് കടമക്കുടി.
നാലുവശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടതായതിനാൽ പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും വഞ്ചികളും ഉപയോഗിച്ചിരുന്ന സ്ഥലത്തേക്ക് റോഡും പാലവുമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങൾ വന്നതോടെ നാടിന്റെ സ്ഥിതി മാറി. വാട്ടർ മെട്രോകൂടി വരുന്നതോടെ കടമക്കുടിയുടെ വിനോദ സഞ്ചാര സാദ്ധ്യതകൾ വർദ്ധിക്കും.
കാത്തിരിക്കുന്നത് കാഴ്ചവിരുന്ന്
ദേശാടന പക്ഷികൾ വരമ്പുകളിൽ വന്നിറങ്ങുന്ന കാഴ്ചകൾ, പൊക്കാളി പാടങ്ങൾ, ചെറുതോണികളിൽ എത്തി വലയെറിയുന്നവർ, പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഗ്രാമീണ കാഴ്ചകൾ, ഉദയാസ്തമയങ്ങൾ തുടങ്ങി മതിവരാത്ത കാഴ്ചകൾ കാണാൻ വാട്ടർ മെട്രോയാത്ര വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |