മാള: വെണ്ണൂർ - ആലത്തൂർ പ്രദേശത്തെ ഭൂമിയിൽ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് കേസ് കൊടുത്ത വ്യക്തി നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് വെണ്ണൂർ - ആലത്തൂർ ഭൂസംരക്ഷണസമിതി രംഗത്ത്. ഭൂമിയിൽ പട്ടയം
നൽകാൻ ഭരണഘടനാ ഭേദഗതി വേണമെന്ന പ്രസ്താവന ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സമിതി ആരോപിച്ചു. 1957ലെ ഭൂപരിഷ്‌കരണ നിയമം, രാഷ്ട്രപതിയുടെ അംഗീകാരം, തുടർന്ന് രൂപീകരിച്ച ലാൻഡ് ട്രിബ്യൂണലുകൾ എന്നിവയുടെയെല്ലാം പിൻബലത്തിൽ കഴിഞ്ഞ 55 വർഷമായി ആയിരക്കണക്കിന് കർഷകർക്ക് പട്ടയം നൽകിയത് ഭരണഘടനാനുസൃതമായ നിയമപ്രക്രിയയിലൂടെയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയും സുപ്രീം കോടതിയും ഈ നടപടിയെ അംഗീകരിച്ചിട്ടുള്ളതാണെന്നും അവർ വ്യക്തമാക്കി.
വെണ്ണൂർ - ആലത്തൂർ ദേവസ്വത്തിന്റെ പേരിലുണ്ടായിരുന്ന 237 ഏക്കറോളം ഭൂമിയിൽ നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചുവരുന്നു. ജനങ്ങളുടെ നിയമപരമായ അവകാശങ്ങളെ നിഷേധിക്കാനുള്ള നീക്കം നടക്കുകയാണെന്ന് സമിതി ആരോപിച്ചു. ഈ ഭൂമിയിൽ താമസിക്കുന്ന ജനങ്ങൾക്ക് നിയമാനുസൃതമായി പട്ടയം ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും സമിതി പ്രസ്താവിച്ചു. പത്രസമ്മേളനത്തിൽ ചെയർമാൻ ടി.കെ.ഗോപി, അഡ്വ. വി.വി.ജയരാമൻ, എം.ആർ.പ്രകാശ് ബാബു, ഷാജു കുന്നത്ത് പറമ്പിൽ, ശ്രീലേഖ ദിലീപ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |