എം.ജി വി.സിയായി പ്രൊഫ.ഡി.മാവൂത്തിനെ നിയമിച്ച് ഗവർണർ

Monday 01 June 2026 11:51 PM IST

തിരുവനന്തപുരം: എം.ജി സർവകലാശാല വൈസ്ചാൻസലറായി കുസാറ്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രൊഫസറും ബി.ജെ.പി അനുഭാവ അദ്ധ്യാപക സംഘടനയിലെ അംഗവുമായ ഡോ.ഡി.മാവൂത്തിനെ നിയമിച്ച് ഗവർണർ. ഡോ.സി.ടി.അരവിന്ദ കുമാർ വിരമിച്ച ഒഴിവിൽ താത്കാലികമായാണ് നിയമനം.

വി.സിയുടെ താത്കാലിക ചുമതല നൽകുന്നതിന് സർക്കാർ ശുപാർശയോ പാനലോ ഗവർണർക്ക് നൽകിയിരുന്നില്ല. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് ഗവർണറുടെ വി.സി നിയമനങ്ങൾ, രാഷ്ട്രീയ വിവാദങ്ങളിലേക്കും നിയമവ്യവഹാരങ്ങളിലേക്കും നീങ്ങിയിരുന്നു. കേരള സർവകലാശാലയിലെയും കുസാറ്റിലെയും മാനേജ്‌മെന്റ് സ്റ്റഡീസ് ഡീനാണ് മാവൂത്ത്.

മുപ്പത് വർഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയവുമുണ്ട്. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദം നേടിയ തമിഴ്നാട് സ്വദേശിയായ ഡോ.മാവൂത്ത് കുസാറ്റിൽ നിന്നാണ് പി.എച്ച്.ഡി നേടിയത്. വി.സിയായിരുന്ന ഡോ:സാബു തോമസ് 2023 മേയിൽ വിരമിച്ചത് മുതൽ എം.ജിയിൽ പി.വി.സിയായിരുന്ന ഡോ:അരവിന്ദ കുമാറിനായിരുന്നു വി.സിയുടെ ചുമതല.