മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് കൂട്ട സ്ഥലംമാറ്റം. പ്രൊഫസർമാരുടെ സ്ഥാനക്കയറ്റത്തോടെയാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളത്തേക്ക് മാറ്റി. പകരം, ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. രഞ്ജു രവീന്ദ്രനെ നിയമിച്ചു. എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. മിനി.എസ്.എസിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഒഴിവുള്ള ജോയിന്റ് ഡയറക്ടർ മെഡിക്കൽ തസ്തികയിലേക്ക് മാറ്റി.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌പെഷ്യൽ ഓഫീസറായ ഡോ. അനുജ.യു.വിയെ വയനാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലാക്കി. തൃശൂർ മെഡിക്കൽ കോളേജിലെ ന്യൂറോസർജറി പ്രൊഫസർ ഡോ. ബിജു കൃഷ്ണൻ.ആറിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫാർമക്കോളജി പ്രൊഫസർ ഡോ. അന്നപൂർണ്ണ.വൈയെ ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗ്നോസിസ് പ്രൊഫസർ ഡോ. ജയശ്രീയാണ് കോന്നി മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പൽ. തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇന്ദു.പി.എസിനെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ രാജിനെ തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.