വിമാനത്തിലെ പ്രതിഷേധം: വ്യോമയാന വകുപ്പ് ഒഴിവാക്കി
Tuesday 02 June 2026 1:47 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഈ വകുപ്പ് പ്രകാരം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള പൊലീസിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. ഇതുകാരണം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഐ.പി.സിയിലെ വിവിധ വകുപ്പുകൾ ഉൾക്കൊള്ളിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ.നസീറയാണ് കേസ് പരിഗണിക്കുന്നത്. ഭരണമാറ്റത്തെ തുടർന്നാണ് പ്രോസിക്യൂഷൻ നിലപാട് മാറ്റി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, സെക്രട്ടറി നവീൻകുമാർ എന്നിവർക്കെതിരെയാണ് കേസ്.