മേയ് മാസം 25 മുതല്‍ വിതരണം ചെയ്യും; 1070 കോടി അനുവദിച്ച് വിഡിഎസ് സര്‍ക്കാര്‍

Tuesday 19 May 2026 10:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മേയ് മാസത്തിലേക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ 25ാം തീയതി മുതല്‍ വിതരണം ചെയ്യും. ഇതിലേക്കായി വേണ്ടിവരുന്ന പണം അനുവദിച്ച് ഉത്തരവായി. 1070 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചു. 62 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള മുഴുവന്‍ പെന്‍ഷന്‍ തുകയും കുടിശികയില്ലാതെ കൊടുത്ത് തീര്‍ത്തതിന് ശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പടിയിറങ്ങിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ആശമാരുടെ ഒണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചുള്ള തീരുമാനവും ആദ്യ കാബിനറ്റിന് ശേഷം വി.ഡി സതീശന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനുള്ള തുകയും അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ക്ഷേമ പദ്ധതികള്‍ക്ക് മുന്തിയ പരിഗണന എന്ന നയമായിരിക്കും തന്റെ സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിച്ചുകൊണ്ട് വി.ഡി സതീശന്‍ നല്‍കുന്നത്.