വർഗീയ പരാമർശം, സൈബർ ആക്രമണം; നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ
കൊച്ചി: നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. നടൻ തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നുവെന്നും തനിക്കെതിരെ വർഗീയ പരാമർശം നടത്തുന്നുവെന്നും കുടുംബത്തെയുൾപ്പെടെ വേട്ടയാടുന്നുവെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞദിവസം കൊച്ചി ഇൻഫോ പാർക്ക് പൊലീസിനാണ് അൻസിബ പരാതി നൽകിയത്. തനിക്കും കുടുംബത്തിനുമെതിരെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും സിനിമാമേഖലയിലെ മറ്റ് സഹപ്രവർത്തകരെ കൂട്ടുപിടിച്ചും ടിനി ടോം സൈബർ ആക്രമണം നടത്തുന്നുവെന്നും അൻസിബയുടെ പരാതിയിൽ പറയുന്നു. നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ വി ആർ രേഷ്മ എന്നിവർക്കെതിരെയും നടി നേരത്തെ പരാതി നൽകിയിരുന്നു.
നടൻ ടിനി ടോം സമൂഹത്തിന് തന്നെ വിപത്താണെന്നും കപടമുഖം അണിഞ്ഞാണ് ഇത്തരക്കാർ ജീവിക്കുന്നതെന്നും അൻസിബ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 'എനിക്കെതിരെ ഒന്നും കിട്ടാതിരുന്നപ്പോൾ പേര് 'അൻസിബ ഹസൻ' ആയതുകൊണ്ട് അതൊരു ആയുധമാക്കാമെന്ന് അദ്ദേഹം കരുതി. തെറ്റായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകിയത്. ഭാഗ്യവശാൽ ഇത് കേരളമായതുകൊണ്ട് മലയാളികൾക്ക് കാര്യം മനസിലായി. ചെയ്ത തെറ്റിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ. കഥ മെനഞ്ഞവർ പറഞ്ഞത് മാറ്റിപ്പറഞ്ഞിരുന്നെങ്കിൽ ഞാൻ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്നേനെ,' എന്നാണ് അൻസിബ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനെ അൻസിബ മതംമാറ്റാൻ ശ്രമിച്ചുവെന്നും ജിഹാദിയാണെന്നും ടിനി ടോം 'അമ്മ' സംഘടനയ്ക്കുള്ളിലും പുറത്തും പറഞ്ഞ് വിവാങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി രാജീവും മകനും പിന്നീട് രംഗത്തെത്തുകയും ചെയ്തു.