ഏത് ജില്ലയിലായാലും കേരളത്തിൽ എയിംസ് വന്നാൽ മതി : മന്ത്രി കെ.മുരളീധരൻ

Tuesday 26 May 2026 12:00 AM IST

തിരുവനന്തപുരം : ഏത് ജില്ലയിലായാലും എയിംസ് കേരളത്തിൽ വന്നാൽ മതിയെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ.മുരളീധരൻ. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന ഏത് സ്ഥലത്തും എയിംസ് സ്ഥാപിക്കാം. പാലക്കാട് റെയിൽവേയ്ക്കു നൽകിയ സ്ഥലത്തും തുടങ്ങാവുന്നതേയുള്ളൂ. താൻ എം.പി ആയിരുന്നപ്പോഴും ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. എന്നാൽ അന്നത്തെ സംസ്ഥാന സർക്കാരിന് ബാലുശേരിയിൽ അവർ കണ്ടെത്തിയ സ്ഥലത്ത് മാത്രമേ പണിയാവൂയെന്ന നിലപാടായിരുന്നു. തൃശൂരിലെ എം.പിപോലും തൃശൂരിൽ സ്ഥലം കണ്ടെത്തി പറഞ്ഞിട്ടില്ല. അദ്ദേഹം മറ്റൊരു ജില്ലയാണ് പറയുന്നത്. അത് ഏതായാലും സംസ്ഥാന സർക്കാരിന് എതിർപ്പില്ല.

ആരോഗ്യവകുപ്പിലെ മുൻകാലത്തെ എല്ലാഅഴിമതിയും അന്വേഷിക്കും. അന്വേഷണം മുൻവിധിയോടെ ആരെയെങ്കിലും കുടുക്കാനാകില്ല. കൊവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം പരിശോധിക്കും. പഴയകാര്യങ്ങളെ വിമർശിച്ച് നേരം കളയാനില്ല.

കിഫ്ബി വഴി കുറെ കെട്ടിടങ്ങൾമാത്രം പണിതെന്നും ഡോക്ടർമാരോ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലെന്നും മന്ത്രി പറഞ്ഞു. എല്ലായിടത്തും ഡോക്ടർമാരെ നിയമിക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കും.

യു.ഡി.എഫ് മുമ്പ് പ്രഖ്യാപിച്ച തിരുവനന്തപുരം, ഹരിപ്പാട് മെഡിക്കൽ കോളേജുകൾ തുടങ്ങും. വയനാട് ഉൾപ്പെടെ മറ്റുമെഡിക്കൽ കോളേജുകളിൽ സൗകര്യം കൂട്ടും. വയനാട് മെഡിക്കൽ കോളേജിന് 50 ഏക്കർ ഭൂമി എം.പി. വീരേന്ദ്രകുമാർ സൗജന്യമായി നൽകിയിരുന്നു. തറക്കല്ലിട്ടതുമാണ്. എന്നാൽ ഭരണമാറ്റമുണ്ടായതോടെ അവിടന്നുമാറ്റി. പ്രളയസാദ്ധ്യതയുണ്ടെന്ന നിഗമനത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ചു. 20ഏക്കർ സ്ഥലം ആവശ്യപ്പെട്ട് വനംവകുപ്പിന് കത്തെഴുതിയെങ്കിലും മറുപടി കിട്ടിയില്ല. 20ഏക്കർ വിട്ടുനൽകുന്നതിന് പകരംഭൂമി വനം വകുപ്പിന് നൽകും. പാരിപ്പള്ളി മെഡിക്കൽ കോളേജിന് നഷ്ടപ്പെട്ട പണം കിട്ടാൻ ആവശ്യമായ രേഖകൾ കേന്ദ്രത്തിന് നൽകും.

എല്ലാ റിപ്പോർട്ടുകളും കണ്ണുംപൂട്ടി അംഗീകരിക്കില്ല

ആരോഗ്യവകുപ്പിലെ ചികിത്സാപിഴവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലഭ്യമാകുന്ന എല്ലാ റിപ്പോർട്ടുകളും കണ്ണുംപൂട്ടി അംഗീകരിക്കില്ല. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുത്തിവയ്പ്പിനിടെ സൂചികുടുങ്ങിയ സംഭവത്തിൽ ലഭിച്ച പ്രാഥമിക റിപ്പോർട്ട് ആശുപത്രി ജീവനക്കാരെ വെള്ളപൂശുന്നതാണ്. അത് അംഗീകരിച്ചിട്ടില്ല. അന്ന് കുത്തിവയ്പ്പ് എടുത്ത ജീവനക്കാരെ കണ്ടെത്തി അവരുടെ മൊഴി ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻസർക്കാരിന്റെ കാലത്തെ ചികിത്സാ പിഴവുകളിൽ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ തുടരന്വേഷണം നടത്തും.

ആരോഗ്യമന്ത്രി ഡോക്ടറല്ല

ആരോഗ്യമന്ത്രി ഡോക്ടറല്ല. അതിനാലാണ് ഒരു ഡോക്ടറെ താൻ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഡോക്ടർമാർക്കേ ഇത്തരം കാര്യങ്ങൾ കൃത്യമായി അറിയാനാകൂ.

വൈകിട്ട് 4 മുതൽ 6വരെ സന്ദർശനം

മെഡിക്കൽ കോളേജുകളിൽ വൈകിട്ട് നാലുമുതൽ ആറുവരെ രോഗികളെ ബന്ധുക്കൾക്ക് സന്ദർശിക്കാം.

ആശുപത്രികളിൽ രോഗികൾ നിലത്തുകിടക്കുന്ന അവസ്ഥ ഒഴിവാക്കും. പരമാവധി കട്ടിലുകൾ ഇടും. വൃത്തിയും ഉറപ്പാക്കും. ശുചീകരണത്തിന് സംസ്ഥാനതല പരിപാടി 30ന് ആരംഭിക്കും. രോഗികളെയെല്ലാം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും.