അമ്മ കുടുംബമേള: സ്‌പോൺസർ മുഴുവൻ പണവും നൽകിയില്ല

Tuesday 26 May 2026 12:00 AM IST

കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബമേളയുടെ ടൈറ്റിൽ സ്‌പോൺസറായിരുന്നെങ്കിലും വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം മാനേജ്‌മെന്റ് മുഴുവൻ തുകയും കൈമാറിയില്ല. അമ്മയിലെ ഭിന്നതയും വിവാദവും രൂക്ഷമായിട്ടും മുതിർന്ന താരങ്ങൾ ഇടപെടാത്തതിലും പ്രതിഷേധം.

കഴിഞ്ഞ ഫെബ്രുവരി 14ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കുടുംബസംഗമത്തിന് 75 ലക്ഷത്തിന്റെ സ്‌പോൺസർഷിപ്പായിരുന്നെങ്കിലും ലഭിച്ചത് 45 ലക്ഷമാണ്. പരിപാടിയിലും ഒ.ടി.ടിയിലെ പ്രദർശനത്തിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ഭാരവാഹികളുടെ പരാതി. ചർച്ചകൾക്ക് ശേഷം തുക കൈമാറുമെന്ന് ക്ഷേത്രം പ്രസിഡന്റ് ടി.ജി.നന്ദകുമാർ വെളിപ്പെടുത്തി. വിവാദ ദല്ലാൾ എന്നറിയപ്പെടുന്നയാളാണ് നന്ദകുമാർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മോഹൻലാലും ചേർന്നായിരുന്നു ഉദ്ഘാടനം. മമ്മൂട്ടി ഉൾപ്പെടെ പങ്കെടുത്തു. അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും നന്ദകുമാറും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്. കുടുംബസംഗമത്തിന്റെ മാർക്കറ്റിംഗ് ഉൾപ്പെടെ അന്വേഷിക്കണമെന്ന് നടി മാലാപാർവതി ആവശ്യപ്പെട്ടു.