നേതൃമാറ്റ ആവശ്യം 'അമ്മ' പൊതുയോഗത്തിലേക്ക്

Thursday 04 June 2026 12:32 AM IST

കൊച്ചി: ഭാരവാഹികളുടെ ചേരിതിരിവ് പൊലീസ് കേസിൽ കലാശിച്ചതോടെ താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തം. സമവായശ്രമം പരാജയപ്പെട്ടതോടെ നേതൃമാറ്റം പൊതുയോഗം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഭാരവാഹികൾ. ജോയിന്റ് സെക്രട്ടറി അൻസിബ ഹസന്റെ രാജിക്ക് പിന്നാലെയാണ് പ്രശ്നങ്ങൾ പരസ്യമായത്. ആരോപണ, പ്രത്യാരോപണങ്ങൾക്ക് പിന്നാലെ ടിനി ടോമിനെതിരെ അൻസിബയും, അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയയും പൊലീസിൽ പരാതി നൽകി. 21ന് കാക്കനാട്ടെ ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് പൊതുയോഗം. ഇന്നലെ നിർവാഹക സമിതിയോഗം പൊതുയോഗത്തിന്റെ അജണ്ട അംഗീകരിച്ചു. വിവാദവിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തി. കേസിൽ ഇടപെടേണ്ടെന്നാണ് ഭാരവാഹികളുടെ നിലപാട്. നേതൃമാറ്റം അനിവാര്യമാണെന്ന് നടി മാലാ പാർവതി 'അമ്മ'യ്ക്ക് അയച്ച തുറന്ന കത്തിൽ ആവശ്യപ്പെട്ടതിന് പിന്തുണ ലഭിക്കുന്നുണ്ട്. സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലും വനിതാ ഭാരവാഹികൾക്ക് മുൻതൂക്കമുള്ളതിനാലും പരസ്യമായി ആരും നേതൃമാറ്റം ആവശ്യപ്പെടുന്നില്ല.

എന്നാൽ, പൊതുയോഗത്തിൽ വിമർശനമുണ്ടായേക്കും. എല്ലാ വിഷയങ്ങളും പൊതുയോഗം ചർച്ച ചെയ്യട്ടെയെന്ന നിലപാടിലാണ് അമ്മ നേതൃത്വം. പൊതുയോഗം തീരുമാനിച്ചാൽ മാറാമെന്നാണ് നിലപാടെന്ന് അറിയുന്നു. എല്ലാ സംഘടനകളിലും സംഭവിക്കുന്ന പ്രശ്നങ്ങളേ അമ്മയിലുമുള്ളൂ. ക്ഷേമപദ്ധതികൾ മുടങ്ങിയിട്ടില്ലെന്നും ഭാരവാഹികൾ പറയുന്നു.

ഇടപെടാതെ മുതിർന്നവർ

വിഴുപ്പലക്കൽ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ മുതിർന്ന അംഗങ്ങളോ മുൻ ഭാരവാഹികളോ രംഗത്തില്ല. സൃഷ്ടിച്ചവർ തന്നെ പ്രശ്നങ്ങൾ പരിഹരിക്കട്ടെയെന്ന നിലപാടിലാണവർ. ഭാരവാഹികൾ പരസ്പര ബഹുമാനവും വിശ്വാസവും പുലർത്തുന്നില്ലെന്നും പ്രവർത്തനം സുതാര്യമല്ലെന്നും അവർ പറയുന്നു.

പൊതുയോഗത്തിൽ എല്ലാം വിശദീകരിക്കും. ഭരണസമിതി മാറ്റം ഉൾപ്പെടെ എന്തും അംഗങ്ങൾ തീരുമാനിക്കട്ടെ.

കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി, അമ്മ

 നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം.

മാലാ പാർവതി, നടി.