ടിനി ടോമിനെതിരെ നടി അൻസിബ അവിഹിത കഥകൾ പ്രചരിപ്പിച്ചു,​ ജിഹാദിയായി ചിത്രീകരിച്ചു  'അമ്മ"യിൽ വീണ്ടും പൊട്ടിത്തെറി

Monday 25 May 2026 12:01 PM IST

കൊച്ചി: താരസംഘടനയായ 'അമ്മ"യുടെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ടിനി ടോമിനും വനിതാ താരത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച നടി അൻസിബ ഹസൻ.

ടിനി ടോം തന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചെന്നും ജിഹാദിയായി ചിത്രീകരിച്ചെന്നും അൻസിബ പറഞ്ഞു. കമ്മിറ്റിയിലുള്ള സഹനടി അവരുടെ കുടുംബപ്രശ്നത്തിൽ കരുവാക്കി തന്നെ പൊലീസ് സ്റ്റേഷനിൽ കയറ്റിച്ചു. ടിനി ടോമിന്റെ ഡ്രൈവറെയടക്കം താൻ ഇസ്ലാമിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് പറയുന്നത്. വ്യക്തിഹത്യയുടെ പരിധി വിട്ടതിനാലാണ് പ്രതികരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്പോൺസറായി ഒരു മതസ്ഥാപനം വന്നതിനെ എതിർത്തതാകാം വിരോധത്തിനു പ്രധാന കാരണം. ഇക്കാര്യങ്ങൾ പ്രസിഡന്റ് ശ്വേതാ മേനോനെയും മുതിർന്ന താരങ്ങളെയും അറിയിച്ചിരുന്നു. ഇതിനിടെ സഹപ്രവർത്തകയുടെ കുടുംബ പ്രശ്നത്തിൽ കരുവാക്കി തൃപ്പൂണിത്തുറ പൊലീസ് സ്റ്രേഷനിൽ മൂന്നു മണിക്കൂർ 'ഹരാസ്" ചെയ്യുന്ന സ്ഥിതിയുണ്ടായി. താൻ അയച്ച ഒരു മെസേജ് അവരുടെ ഭർത്താവിനു സംശയത്തിനിടയാക്കിയെന്നായിരുന്നു പരാതി. ഇതിൽ സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ശ്വേത പറഞ്ഞത്. ഇത്തരം 'ഊള കാര്യങ്ങൾ" കമ്മിറ്റി പരിഗണിക്കില്ലെന്നാണ് ടിനി പ്രതികരിച്ചത്. സ്റ്റേജ് ഷോയ്‌ക്കിടെ നീന കുറുപ്പിനെ ടിനി കൈയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അൻസിബ പറഞ്ഞു.

നിഷേധിച്ച് ടിനി ടോം

തന്റെ ഭാഗത്തുനിന്ന് മോശം പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പ്രതികരിച്ചു. അൻസിബയുടെ രാജിക്കത്ത് ഫെബ്രുവരിയിൽ തിരിച്ചയച്ചിരുന്നു. മേയ് 12നാണ് രാജിക്കാര്യം വീണ്ടും പറഞ്ഞത്. ജോലിത്തിരക്ക് കാരണമെന്നാണ് അറിയിച്ചത്. വർഗീയ പരാർശങ്ങൾ നടത്തിയിട്ടില്ല. തന്റെ സുഹൃത്തുക്കളും ഗുരുക്കന്മാരിൽ പലരും മുസൽമാൻമാരാണ്. തന്നെ ടാർഗറ്റ് ചെയ്യുന്നതിനു പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ലെന്നും ടിനി ടോം പ്രതികരിച്ചു.