100 കോടിയുടെ അറ്റ്കോസ് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊച്ചി: കളമശേരി പത്തടിപ്പാലം കേന്ദ്രീകരിച്ച് കേരളത്തിൽ 100കോടിരൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ അഗ്രിടൂറിസം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (അറ്റ്കോസ്) ഉടമകൾക്ക് എതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അറ്റ്കോസ് വൈസ് ചെയർമാൻ തൃശൂർ എൽതുരുത്ത് ലാലൂർ റോഡ് പറത്തലവീട്ടിൽ പി.ആർ. മുരളീധരൻ (62), മകനും ചെയർമാനുമായ അഖിൽ മുരളി (35), ഇളയമകനും മാനേജിംഗ് ഡയറക്ടറുമായ ആഷിക് മുരളി (32) എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ജാമ്യത്തിൽ കഴിയുന്ന പ്രതികളെ ഇന്നലെ 3 സാമ്പത്തികതട്ടിപ്പ് കേസുകളിൽക്കൂടി കളമശേരി പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
സംസ്ഥാനത്തെ 32 പൊലീസ് സ്റ്റേഷനുകളിലെ 54 കേസുകളിൽ പ്രതികളായി തൃശൂരിൽ ഒളിവിൽ കഴിയവേ മാർച്ച് 15നാണ് പ്രതികൾ കളമശേരി പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായശേഷം പ്രതികൾക്കെതിരെ ലഭിച്ച പരാതികളിലും പുതിയ കേസുകളുണ്ട്. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യംറദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കളമശേരി പൊലീസ് കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഇതിനിടെ അങ്കമാലി മുക്കന്നൂർ സ്വദേശി എം.വി. ദേവസി (61), കളമശേരി ഞാലകംസ്വദേശി പി.കെ. രഹ്ന (74), വെണ്ണല സ്വദേശി പയസ് (70) എന്നിവർ നൽകിയ പരാതികളിലെടുത്ത കേസുകളിലാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ മൂന്നുപ്രതികളും ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർചെയ്ത കമ്പനിയുടെ മറവിൽ 2022-25 കാലയളവിലാണ് ഉയർന്നലാഭം വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്.