ബോട്ട് തകർത്ത കപ്പലിന് തീരംവിടാം
Wednesday 03 June 2026 1:13 AM IST
വിഴിഞ്ഞം: കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തിൽ, വിഴിഞ്ഞത്ത് തടഞ്ഞുവച്ചിരിക്കുന്ന എം.ടി.സോളിസ് എന്ന കപ്പലിന് തീരം വിടാൻ അനുമതി. ഇതു സംബന്ധിച്ച് കൊച്ചി മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് ജോയിന്റ് ഡി.ജി പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിൽകുമാറാണ് ഉത്തരവ് ഇറക്കിയത്. കന്യാകുമാരിക്കടുത്ത് കടലിൽ മാർച്ച് 7നുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെന്റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ്(45),മകൻ ബാദൽ(23) എന്നിവരെ കടലിൽ കാണാതായി. തമിഴ്‌നാട്, കൊൽക്കത്ത സ്വദേശികളായ 9 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. കപ്പൽ അധികൃതരും അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളും തമ്മിലുള്ള ചർച്ചയെ തുടർന്നാണ് തീരം വിടാനുള്ള അനുമതി നൽകിയത്.