വിമാനത്തിലെ പ്രതിഷേധം വ്യോമയാന വകുപ്പ് ഒഴിവാക്കി റിപ്പോർട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് ഹാജരാക്കി. പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് ജില്ലാ ഗവ. പ്ലീഡർ ഗീനാകുമാരി കോടതിയെ അറിയിച്ചു. വിമാനത്തിൽ വച്ച് പിണറായിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് വ്യോമയാന വകുപ്പുകൾ ചുമത്തിയിരുന്നത്.
ഈ വകുപ്പ് പ്രകാരം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള പൊലീസിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. ഇതുകാരണം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഐ.പി.സിയിലെ വിവിധ വകുപ്പുകൾ ഉൾക്കൊള്ളിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് കേസ് പരിഗണിക്കുന്നത്.
മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി പല തവണ ആരാഞ്ഞിട്ടും പ്രോസിക്യൂഷൻ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഭരണമാറ്റത്തെ തുടർന്നാണ് പ്രോസിക്യൂഷൻ നിലപാട് മാറ്റി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്.