പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ചത് വിവാഹം മുടങ്ങിയ വൈരാഗ്യത്തിൽ

Tuesday 26 May 2026 12:53 AM IST

രണ്ട് യുവതികൾ അറസ്റ്റിൽ  ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: അഞ്ചലിൽ പൊലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ചത് യുവതികളെന്നും വിവാഹം മുടങ്ങിയ വൈരാഗ്യത്തെ തുടർന്നെന്നും പൊലീസ്. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകവേ ഒരു യുവതി പൊലീസ് വാഹനത്തിൽ വിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചു.

സംഭവത്തിൽ ശൂരനാട് സ്വദേശിനി ആരതി (26), ഇടുക്കി കട്ടപ്പന സ്വദേശിനി ഗായത്രി (26) എന്നിവർ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റിലായി. ഇതിൽ ആരതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആറന്മുള സ്റ്റേഷനിലെ സി.പി.ഒ അഞ്ചൽ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെയും ആരതിയുടെയും നിശ്ചയിച്ച വിവാഹം മുടങ്ങിയിരുന്നു. ഈ വിരോധത്തിലാണ് ബുള്ളറ്റ് കത്തിച്ചത്.

നിരീക്ഷണ കാമറയിൽ, രണ്ട് യുവതികളും വിവേകിന്റെ വീട്ടിലേക്ക് വരുന്നതിന്റെയും മടങ്ങുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ആരതിയും ഗായത്രിയും തിരുവനന്തപുരത്ത് സ്വകാര്യ കോച്ചിംഗ് സെന്ററിൽ ഒരുമിച്ചാണ് പഠിക്കുന്നത്. അഞ്ചൽ പൊലീസ് ഇവിടെ നിന്നും പിടികൂടി കൊണ്ടുപോകവേയാണ് വസ്ത്രത്തിൽ ഒളിപ്പിച്ച വിഷം കഴിച്ചത്. ആരതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് ഗായത്രി. അതേസമയം പുനലൂർ ശ്രീനാരായണ കോളേജിലെ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷത്തിൽ ഇടപെട്ട പൊലീസ് സംഘത്തിൽ വിവേകുണ്ടായിരുന്നു. ഈ വൈരാഗ്യത്തിലാണ് ബുള്ളറ്റ് കത്തിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വരാന്തയിൽ കെ.എസ്.യുവിന്റെ പേരിൽ കത്തിട്ടതെന്ന് യുവതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.