മന്ത്രിസഭാ രൂപീകരണം; മുരളീധരൻ ആരോഗ്യം, റവന്യൂ സണ്ണി ജോസഫിന്; അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് ഗവർണർക്ക് കൈമാറും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പൂർണ ചിത്രം വ്യക്തമാകുമെന്നാണ് വിവരം. അന്തിമ പട്ടിക ഉച്ചയ്ക്ക് ശേഷം ഗവർണർക്ക് കൈമാറും. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് ഏറെക്കുറെ തീരുമാനമായിട്ടുണ്ടെങ്കിലും, കോൺഗ്രസിന്റെ ഔദ്യോഗിക പട്ടിക തയ്യാറാക്കുന്നതിൽ അവസാനവട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ആരോഗ്യം തലസ്ഥാനത്തിന്റെ വട്ടിയൂർക്കാവ് എംഎൽഎ കെ മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് റവന്യൂവും കൈകാര്യം ചെയ്യും.
നേരത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറാകുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന സൂചനകൾ. വനിതാ പ്രതിനിധിയായി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് കരുതിയിരുന്ന ഷാനിമോൾ ഉസ്മാനെ നിലവിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ് പരിഗണിക്കുന്നത്. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകുമെന്ന കാര്യത്തിൽ ഇന്നലെത്തന്നെ ധാരണയായിരുന്നു. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ നിലവിൽ നന്ദാവനത്തെ പാണക്കാട് ഹാളിലുണ്ട്. ഇവർ പ്രഖ്യാപന സമയത്ത് കെപിസിസി ഓഫീസിൽ എത്തിയേക്കും.
ഇത്തവണ മികച്ച വിജയം നേടിയ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി ശക്തമായി വാദിച്ചിരുന്നു. എന്നാൽ ജില്ലാ സാമുദായിക പരിഗണനകളും കോൺഗ്രസിന്റെ സ്വന്തം സീറ്റ് നിലയും (63 അംഗങ്ങൾ) ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം ഇവരെ അനുനയിപ്പിച്ചു.
പുതിയ ധാരണപ്രകാരം കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയും ലഭിക്കും. മോൻസ് ജോസഫ് ആയിരിക്കും മന്ത്രി. അദ്ദേഹം നേരത്തെ കൈകാര്യം ചെയ്ത ജലവിഭവ വകുപ്പിനൊപ്പം കൃഷി വകുപ്പുകൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, രണ്ട് പ്രധാന വകുപ്പുകൾ ഒരുമിച്ച് നൽകാൻ സാദ്ധ്യത കുറവാണ്. ചീഫ് വിപ്പ് പദവിയിലേക്ക് തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ഉണ്ണിയാടനെ അനുകൂലിച്ച് എം.എൽ.എ ഹോസ്റ്റലിന് മുന്നിൽ ചെറിയ പ്രകടനങ്ങളും നടന്നിരുന്നു.
മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടുന്ന ടേം വ്യവസ്ഥ'യിൽ അനൂപ് ജേക്കബിനും മാണി സി. കാപ്പനും ആദ്യം കടുത്ത അമർഷമുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് കോൺഗ്രസ് നേതൃത്വം ഇവരെ ബോധ്യപ്പെടുത്തി. ഇതനുസരിച്ച് ആദ്യ രണ്ടര വർഷം അനൂപ് ജേക്കബും, തുടർന്നുള്ള രണ്ടര വർഷം മാണി സി. കാപ്പനും മന്ത്രിമാരാകും.
ആർ.എസ്.പിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നതിൽ തർക്കമില്ല. ഷിബു ബേബി ജോൺ ജലവിഭവ വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ വകുപ്പ് മോൻ ജോസഫിന് നൽകുകയാണെങ്കിൽ ഷിബു ബേബി ജോണിന് മറ്റ് സുപ്രധാന വകുപ്പുകൾ നൽകും. സിഎംപിക്ക് അഞ്ച് വർഷവും പൂർണ മന്ത്രിസ്ഥാനം ലഭിക്കും. സഹകരണം അടക്കമുള്ള വകുപ്പുകളാണ് സിഎംപിക്കായി പരിഗണനയിലുള്ളത്. സൂപ്രധാന വകുപ്പുകളെല്ലാം കോൺഗ്രസ് സ്വന്തം കൈകളിൽ സൂക്ഷിക്കാനാണ് സാദ്ധ്യത.