എൻ.ടി.എ പുന:പരീക്ഷാ പോർട്ടലിൽ ഡാറ്റ സുരക്ഷയില്ല

Wednesday 03 June 2026 12:03 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ ഓൺസ്‌ക്രീൻ മൂല്യനിർണ്ണയ വിവാദം ചൂടുപിടിക്കവേ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) പുനഃപരീക്ഷാ പോർട്ടലിനെതിരെയും ആരോപണം. https://ntaexammanagement.nta.ac.in/re-examination/ എന്ന പോർട്ടലിൽ ഉദ്യോഗാർത്ഥികളുടെ നിർണായക വിവരം ചോരും വിധം സുരക്ഷാ വീഴ്ചയുണ്ടെന്നാണ് പുറത്തുവന്ന വിവരം. പോർട്ടലിന്റെ ദുർബലമായ അഡ്മിൻ ലോഗിൻ, ബൈപാസ് ക്രമീകരണം കാരണം സെന്റർ കോർഡിനേറ്റർമാർ, പരീക്ഷാ കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, പേരുകൾ, ഇ മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ ചോർന്നിട്ടുണ്ടാകുമെന്നാണ് വിവരം. പോർട്ടലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഡാഷ്‌ബോർഡിൽ കടന്നുകയറി നിയമവിരുദ്ധ പ്രവർത്തനം നടത്താനാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പോർട്ടലിന്റെ രഹസ്യസ്വഭാവമുള്ള ഇന്റർഫേസിന്റെ ഭാഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ യഥാർത്ഥമാണോയെന്ന് വ്യക്തമല്ല. അതേസമയം എൻ.ടി.എ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് എൻ.ടി.എ പ്രതിരോധത്തിലാണ്. മേയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കി ഈ മാസം 21നാണ് പുന:പരീക്ഷ.