നിയമത്തിലെ പഴുതടയ്ക്കാൻ പ്രത്യേക സംഘം,​ ഇ.ഡിയെ ആക്രമിച്ച കേസിൽ വേഗത്തിൽ കുറ്റപത്രം

Thursday 04 June 2026 12:28 AM IST

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ വേഗത്തിൽ കുറ്റപത്രം നൽകാൻ പൊലീസ്.

പ്രതികൾ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാതിരിക്കാൻ, കേസുമായി സഹകരിച്ച എല്ലാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സംഘവും (എസ്.ഐ.ടി) രൂപീകരിച്ചു. മുന്നൂറോളം പേരെ പ്രതിയാക്കിയുള്ള വധശ്രമക്കേസ് അപൂർവമാണ്.

26 പ്രതികളെ വിവിധ ജില്ലകളിൽ നിന്ന് വിവിധ സ്റ്റേഷനിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥരടക്കം ചേർന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനല്ല അറസ്റ്റ് ചെയ്തതെന്നും അന്വേഷണത്തിന് അധികാരമില്ലാത്തവരാണ് പിടികൂടിയതെന്നും കോടതിയിൽ പ്രതികൾ ചൂണ്ടിക്കാട്ടിയാൽ അറസ്റ്റ് നിയമവിരുദ്ധമാവാനിടയുണ്ട്. ഈ പഴുത് അടയ്ക്കാനാണ് വലിയസംഘത്തെ തന്നെ ഉൾപ്പെടുത്തുന്നത്.

പരമാവധി തെളിവ് ശേഖരിച്ച് കുറ്റപത്രം നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് 'കേരളകൗമുദി'യോട് പറഞ്ഞു. കന്റോൺമെന്റ് അസി.കമ്മിഷണർ വി.ജയചന്ദ്രന്റെ മേൽനോട്ടത്തിലും മ്യൂസിയം എസ്.എച്ച്.ഒ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലുമാണ് പ്രത്യേകസംഘം. എസ്.എച്ച്.ഒമാരായ എസ്.ശ്രീകുമാർ (കന്റോൺമെന്റ്), ജി.വിഷ്ണു (പൂജപ്പുര), വിനോദ് കൃഷ്ണൻ (പേരൂർക്കട), എ.സി.വിപിൻ (വട്ടിയൂർക്കാവ്), ബി.വിനോദ് കുമാർ (തമ്പാനൂർ), എസ്.ഐമാരായ അഭിജിത്ത് (വട്ടിയൂർക്കാവ്), സായ് സേനൻ, എസ്.മധു, രാജേഷ് (മ്യൂസിയം), ദീപു പിള്ള (കന്റോൺമെന്റ്), വി.വിനോദ് (സി ബ്രാഞ്ച്), ആർ.സേവ്യർ, എസ്.അനിൽകുമാർ (സി.സി.പി എച്ച്.ക്യു), ഗ്രേഡ് എസ്.ഐമാരായ ജയകുമാർ, പദ്മകുമാർ, ഗോപകുമാർ, ബി.വിനോദ്, ടി.എസ്.അരുൺ (സി ബ്രാഞ്ച്), അജിത് കുമാർ, സുജീഷ് കുമാർ, (കന്റോൺമെന്റ്), ഗ്രേഡ് എസ്.സി.പി.ഒമാരായ പ്രവീൺ (സി ബ്രാഞ്ച്), ബിനിൽരാജ്, ഡിക്സൺ, പ്രവീൺ, അരുൺ, ഷീല (മ്യൂസിയം), സീനിയർ സി.പി.ഒ സുരേഷ് (മ്യൂസിയം), സി.പി.ഒമാരായ ശരത് കൃഷ്ണ (കന്റോൺമെന്റ്), എസ്.എസ്.ശ്രീജിത്ത് (സൈബർ സെൽ) എന്നിവരാണ് പ്രത്യേക സംഘത്തിൽ.

കേസിന്റെ എല്ലാ വശങ്ങളും കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് കന്റോൺമെന്റ് അസി.കമ്മിഷണർ ഉറപ്പാക്കണമെന്ന് കമ്മിഷണർ മേയ് 30ന് ഇറക്കിയ ഉത്തരവിലുണ്ട്. വധശ്രമം, കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം കുറ്റങ്ങളാണ് ചുമത്തിയത്. അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.