അളിയനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി മന്ത്രി സണ്ണി ജോസഫ്; വിവാദമാക്കി എൽഡിഎഫ്

Tuesday 02 June 2026 2:35 PM IST

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇന്നലെ വൈകുന്നേരം അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോഴാണ് മന്ത്രിയുടെ ബന്ധുവിന്റെ നിയമനം പുറത്തറിയുന്നത്. കണ്ണൂർ ഉളിക്കൽ സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസിനെയാണ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

രണ്ട് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ 13 പേരാണ് വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിലുള്ളത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് വ്യാപക പ്രതിഷേധമുയർത്തിയിരുന്നു. അത് ചൂണ്ടിക്കാട്ടി ബെന്നി തോമസിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

സണ്ണി ജോസഫും ബെന്നി തോമസും ബന്ധുക്കൾ ആകുന്നതിനുമുമ്പേ മുന്നണിയിൽ സഹപ്രവർത്തകരായിരുന്നുവെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, ഉളിക്കൽ സഹകരണ ബാങ്ക് സെക്രട്ടറി എന്നീ നിലകളിൽ ബെന്നി പ്രവർത്തിച്ചിട്ടുണ്ട്. സണ്ണി ജോസഫ് എംഎൽഎ ആയപ്പോൾ മുതൽ ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ബെന്നി. പേരാവൂരിലെ കോൺഗ്രസ് പരിപാടികളുടെ മുഖ്യ സംഘാടകനും ഇദ്ദേഹമാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ ന്യായീകരിക്കുന്നത്.