സീറാം സാംബശിവറാവു എക്സൈസ് കമ്മീഷണർ

Tuesday 02 June 2026 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് കമ്മീഷണറായി സർവെ ആൻഡ് ലാൻഡ് റെക്കോഡ്സ് വിഭാഗം ഡയറക്ടറും മുൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായിരുന്ന സീറാം സാംബശിവറാവു ചുമതലയേറ്റു. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ എക്സൈസിന്റെ തലപ്പത്തെത്തുന്നത്. ചുമതല വഹിച്ചിരുന്ന അഡിഷണൽ എക്സൈസ് കമ്മിഷണർ ജെ.കിഷോർകുമാറിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. ഒരു വർഷമാണ് നിയമനകാലാവധി. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അനിൽസേവ്യറാണ് അവസാനമായി എക്സൈസ് കമ്മിഷണറായ ഐ.എ.എസുകാരൻ. ഐ.എ.എസുകാരുടെ കേഡർ പോസ്റ്റുകളിൽ ഐ.പി.എസുകാരെ നിയമിക്കുന്നതിനെതിരെ ബി.അശോകിന്റെ നേതൃത്വത്തിൽ നടന്ന നിയമപോരാട്ടത്തിനൊടുവിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. നിലവിൽ ഐ.ടി,പരിസ്ഥിതി വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയാണ്. ഈ ചുമതലകളിലും തുടരും. ആന്ധ്രയിലെ വിജയവാഡ സ്വദേശിയാണ്. ഇന്നലെ രാവിലെ 11.30ന് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.