കാറിന് തീപിടിച്ച് ഗർഭിണിയുടെ മരണം: അന്വേഷണം മരിച്ച സോനയിലേക്ക്

Wednesday 20 May 2026 12:24 AM IST

□സോന പെട്രോൾ വാങ്ങുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഏഴു മാസം ഗർഭിണിയായ സോന (27) വെന്തു മരിച്ച സംഭവത്തിൽ അന്വേഷണം സോനയിലേക്ക്. കാറിലെ പെട്രോൾ സാന്നിദ്ധ്യം സ്ഥിരീകരിച്ച പൊലീസ് ,പെട്രോളെത്തിച്ചത് സോനയാണെന്ന നിഗമനത്തിലാണ്.

സോന പെട്രോൾ ബങ്കിൽ തനിച്ചെത്തി വെളുത്ത കന്നാസിൽ പെട്രോൾ വാങ്ങി തിരിച്ചെത്തുന്ന സി.സി.ടി.വി ദൃശ്യം പുറത്തു വന്നു. .തോളിൽ കറുത്ത ബാഗുമുണ്ട്.ഇടതു തോളിലിരുന്ന ബാഗ് വലതു കൈയിൽ പിടിച്ച് ഫുട്പാത്തിലൂടെ നടന്നു വരുന്ന സോനയുടെ

കൈയിൽ കന്നാസില്ല.കന്നാസ് ഉൾക്കൊള്ളാനുള്ള വലിപ്പം ബാഗിനില്ല.കാറിൽ പെട്രോൾ

എത്തിക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന സംശയത്തിലാണ്

പൊലീസ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സോനയുടെ ഭർത്താവ് പൂവത്തുംചാലിൽ രജിൻലാൽ (34) ഓടിച്ചിരുന്ന കാർ കത്തി സോന വെന്തു മരിച്ചത്. അറുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സോനയെ ആശുപത്രിയിൽ കാണിച്ച് തിരികെ വരുമ്പോഴാണ് സംഭവം. കാറിൽ നിന്ന് പെട്രോൾ മണമുയർന്നത് ചോദിച്ചയുടൻ കാർ കത്തിയെന്നാണ് രജിൻലാലിന്റെ മൊഴി.. രജിൻലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സോന സംശയിച്ചിരുന്നു. മൂന്നു വർഷം മുമ്പായിരുന്നു ഇവരുടെ പ്രണയ വിവാഹം. വീട്ടുകാരുടെ എതിർപ്പ് കാരണം രജിൻലാൽ വിവാഹത്തിൽ നിന്ന് പിന്മാറാനൊരുങ്ങിയതിനെ തുടർന്ന് സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പറയുന്നു.

തുടക്കത്തിലേ

സംശയം

കാറിന്റെ ഉൾവശം, പ്രത്യേകിച്ചും സോന ഇരുന്നിരുന്ന പിൻസീറ്റിന്റെ ഭാഗമാണ് കൂടുതൽ കത്തിയിരുന്നത്. മറ്റു ഭാഗങ്ങൾക്ക് കാര്യമായി കേടില്ല. ഇന്ധന ചോർച്ചയുമുണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിൽ സോനയുടെ ശരീരത്തിൽ പെട്രോൾ അംശം കണ്ടെത്തിയിരുന്നു. പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ചെയ്യുന്നതിനൊപ്പം രജിൻലാലിനെ അപായപ്പെടുത്തുകയാണോ സോനയുടെ ലക്ഷ്യമെന്നുളള അന്വേഷണത്തിലാണ് പൊലീസ്. സോനയെ രജിൻലാൽ അപകടപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി ഏഴ് വരെ സോന മാതൃസഹോദരിയുടെ വീട്ടിലുണ്ടായിരുന്നു. രജിൻലാലിന്റെ പീഡനത്തെ പറ്റി മാതൃസഹോദരിയുടെ മകളോട് പറഞ്ഞിരുന്നതായും വിവരമുണ്ട്. വെെകിട്ട് മാതൃസഹോദരിയുടെ മകളുമൊന്നിച്ച് ടൗണിൽ പോയിരുന്നു. സാധനങ്ങൾ വാങ്ങുന്നതിനിടെ കുറച്ചുസമയം സോനയെ കാണാതായി. അപ്പോഴായിരിക്കാം പെട്രോൾ വാങ്ങിയതെന്നാണ് സംശയം. വെെകിട്ട് മാതൃസഹോദരിയുടെ വീട്ടിൽ നിന്നാണ് രജിൻലാൽ സോനയെ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്.