കോടതിഅലക്ഷ്യം: സാവകാശം തേടി മുഹമ്മദ് ഹനീഷ്
Wednesday 20 May 2026 12:34 AM IST
കൊച്ചി: കശുഅണ്ടി ഇറക്കുമതിയിലെ കോടതിഅലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സി.ബി.ഐ കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ മൂന്നാം വട്ടവും അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് കോടതിഅലക്ഷ്യ നടപടി.
അഡ്വക്കേറ്റ് ജനറൽ ഓഫീസിലുണ്ടായ മാറ്റങ്ങൾ കാരണം അപ്പീൽ നടപടികൾ പൂർത്തിയാക്കാൻ സാവകാശം വേണമെന്ന് സത്യവാങ്മൂലത്തിൽ അഭ്യർത്ഥിക്കുന്നു.
പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതി അലക്ഷ്യ നടപടി തുടങ്ങിയത്. വ്യവസായ സെക്രട്ടറി 22ന് ഹാജരാകാനാണ് സിംഗിംൾബഞ്ചിന്റെ ഉത്തരവ്.