വന്ദേമാതരം: തെറ്റായ നടപടിയെന്ന് സി.പി.എം 

Wednesday 20 May 2026 1:07 AM IST

തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ബംഗാളിൽ ബി.ജെ.പി പോലും ഇതിനു തയ്യാറായില്ല. വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോൺഗ്രസ് പ്രവർത്തക സമിതിയാണ്. 1937 ഒക്‌ടോബർ 30ന് നടന്ന പ്രവർത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ഇവ വെട്ടിമാറ്റിയത്. ഇത്തരത്തിൽ മാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെയാണ് കേരളത്തിൽ അവതരിപ്പിച്ചത്. 1950 ജനുവരി 24ന് ഭരണഘടനാ നിർമ്മാണ സഭയിൽ വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്.