മെഡി.കോളേജിൽ ചികിത്സപ്പിഴവ് കാലിലെ മുറിവിൽ മരക്കഷണം നീക്കാതെ തുന്നിക്കെട്ടി ദുരനുഭവം 57കാരന്
നെടുമങ്ങാട് (തിരുവനന്തപുരം): മരത്തിൽ നിന്ന് വീണ് പരിക്കേറ്റ 57കാരന്റെ
ഇടതുകാലിലെ മുറിവിൽ തുളച്ചുകയറിയ മരക്കഷണം നീക്കാതെ സ്റ്റിച്ചിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സപ്പിഴവ്. രണ്ടു മാസത്തിനു ശേഷം മുറിവിൽ നിന്ന് പഴുപ്പ് വന്നതോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മരക്കഷണം കണ്ടത്. ഇവിടെ ഇന്നലെ നടത്തിയ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ മരക്കഷണം പുറത്തെടുത്തു. ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ മധുവിനാണ് ദുരനുഭവം.
മാർച്ച് 21ന് മരത്തിൽ നിന്ന് വീണതിനെ തുടർന്ന് മധു മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. പരിക്കേറ്റ ഇടതുകാലിൽ പത്തിലധികം തുന്നലിട്ടശേഷം പാലോട് സർക്കാർ ആശുപത്രിയിലേക്ക് വിട്ടു. അടുത്തുള്ള ആശുപത്രിയിൽ പോയി കൃത്യമായി ഡ്രസ് ചെയ്യണമെന്ന് നിർദ്ദേശിച്ച് പാലോട് ആശുപത്രി അധികൃതരും മധുവിനെ വീട്ടിൽ വിട്ടു.
തുടർന്ന് വീടിന് അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി ഡ്രസ് ചെയ്തപ്പോൾ മുറിവിൽ നിന്ന് പഴുപ്പ് വരുന്നതായി കണ്ടെത്തി. തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ എത്തി. ഇവിടെ ഓർത്തോ ഡോക്ടറുടെ പരിശോധനയിലാണ് മരക്കഷണം കണ്ടെത്തിയത്.