അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി, മറ്റ് പ്രതികളുടെ ശിക്ഷ ശരിവച്ചു

Monday 25 May 2026 10:43 AM IST

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട് ഹൈക്കോടതി. കേസിൽ ശിക്ഷിച്ചതിനെതിരെ പ്രതികളും ശിക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാരും മധുവിന്റെ അമ്മ മല്ലിയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി. മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളിയിട്ടുണ്ട്. ഇവരുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

മരയ്ക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജെയ്ജുമോൻ, അബ്ദുൾ കരിം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇവർക്ക് 7വർഷം കഠിനതടവും പിഴയുമാണ് മണ്ണാർക്കാട് പ്രത്യേക കോടതി ശിക്ഷിച്ചത്. ഒന്നാംപ്രതി ഹുസൈന്റെ 7 വർഷം കഠിനതടവ് സസ്‌പെൻഡ് ചെയ്ത ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്ന മറ്റു പ്രതികളുടെ ആവശ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാണ് പ്രതികളുടെ അപ്പീൽ.

ആദിവാസി യുവാവായ മധുവിനെ (34) അരി മോഷ്ടിച്ചെന്നാരോപിച്ച് കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മധുവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു സംഭവം. മധുവിന്റെ ഇരുകൈകളും പിന്നിൽക്കെട്ടി നഗ്നനാക്കി റോഡിലൂടെ നടത്തിയാണ് കൊണ്ടുവന്നത്. വഴിയിലുടനീളം ക്രൂരമർദ്ദനത്തിനിരയായ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

13പ്രതികൾക്ക് 7വർഷം കഠിനതടവും പിഴയും ശിക്ഷിച്ച വിചാരണക്കോടതി 16ാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ ശിക്ഷാകാലാവധി പൂർത്തിയാക്കി. നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൾ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. മധുവിനെ കാട്ടിൽ നിന്ന് പിടികൂടിയപ്പോൾ ഒന്നാം പ്രതി ഹുസൈൻ ഇക്കൂട്ടത്തിൽ ഇല്ലായിരുന്നുവെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.