'കേരളത്തിൽ എത്തിയത് നിങ്ങളുടെ ഭാഗ്യം'; മുഹമ്മദ്‌ ഫർമാന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Wednesday 03 June 2026 12:43 PM IST

കൊച്ചി: കുംഭമേളയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഒരു മാസത്തെക്ക് തടഞ്ഞ് ഹൈക്കോടതി. ഈ സമയത്തിനുള്ളിൽ മുൻകൂർ ജാമ്യത്തിനായി ഫർമാന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എഡപ്പഗത്താണ് കേസ് പരിഗണിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നതാണ് മുഹമ്മദ് ഫർമാന് എതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസ് നടക്കുന്നത് മദ്ധ്യപ്രദേശ് ഹൈക്കോടതിയിലായതിനാൽ ട്രാൻസിറ്റ് ജാമ്യഹർജിയായി മാത്രമെ ഫർമാന്റെ ഹർജി പരിഗണിക്കാൻ സാധിക്കുവെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെ 'കേരളത്തിൽ എത്തിപ്പെട്ടത് നിങ്ങളുടെ ഭാഗ്യമാണ്' എന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. കേരളത്തിലായതിനാലാണ് തങ്ങളിപ്പോഴും ജീവിച്ചിരിക്കുന്നതെന്നായിരുന്നു ദമ്പതികളുടെ പ്രതികരണം. മദ്ധ്യപ്രദേശിലേക്ക് തിരികെ പോയാൽ തങ്ങൾ ദുരഭിമാനക്കൊലയ്‌ക്ക് ഇരകളാകേണ്ടി വരുമെന്നും പെൺകുട്ടി പറഞ്ഞു.

അതേസമയം, മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യ ഹർജിയെ മദ്ധ്യപ്രദേശ് പൊലീസ് ശക്തമായി എതിർത്തിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നാണ് മദ്ധ്യപ്രദേശ് പൊലീസിന്റെ വാദം. ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയാണ് വിവാഹം കഴിച്ചതെന്നും പൊലീസ് പറയുന്നു. തട്ടിക്കൊട്ടുപോകൽ, പോക്‌സോ, പട്ടികജാതി-പട്ടികവർഗ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മുഹമ്മദ് ഫർമാനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, തനിക്ക് 18 വയസ് തികഞ്ഞെന്നും മദ്ധ്യപ്രദേശ് പൊലീസ് ഹാജരാക്കിയിരിക്കുന്ന രേഖകൾ വ്യാജമാണെന്നുമാണ് പെൺകുട്ടി പറയുന്നത്.