'70 ശതമാനം പേരും കേരളം വിടാനൊരുങ്ങുന്നു': എംബിബിഎസ് ഡോക്ടർമാരുടെ മിനിമം ശമ്പളം 80,000 രൂപയാക്കണം

Sunday 17 May 2026 4:13 PM IST

കൊച്ചി: എംബിബിഎസ് ഡോക്ടർക്ക് മാസം 80,000 രൂപയെങ്കിലും ശമ്പളം വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൊച്ചിയിൽ നടന്ന ഐഎംഎ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നിർണ്ണായകമായ ആവശ്യങ്ങൾ ഉന്നയിച്ചത്. ലോകത്തിലെ ഏറ്റവും കഠിനവും ദൈര്‍ഘ്യമേറിയതുമായ പഠന കോഴ്സുകളില്‍ ഒന്നാണ് എം.ബി.ബി.എസ്. അതീവ ഉത്തരവാദിത്വം നിറഞ്ഞ ഈ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കേണ്ടതുണ്ടെന്ന് സംഘടന വ്യക്തമാക്കി.

എംബിബിഎസ് കഴിഞ്ഞ് ജോലിയിൽ കയറുന്നവരുടെ കാര്യത്തിൽ കേരളത്തിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും സംഘടന പറഞ്ഞു. സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ തൊഴിലില്ലായ്മയിലും തുച്ഛമായ ശമ്പളനിലയിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശങ്ക അറിയിച്ചു.ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എംബിബിഎസ് ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ ശമ്പളത്തിന് അര്‍ഹരാണെന്ന് സംഘടനയുടെ അഭിപ്രായം.

പ്രശ്നം വിശദമായി ചര്‍ച്ച ചെയ്തെന്ന് സംഘടന അറിയിച്ചു. ഡോക്ടര്‍മാര്‍ക്ക് മിനിമം വേജസ് വേണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യം പഠിക്കാനായി കഴിഞ്ഞ സംസ്ഥാനസമിതി നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏതാണ്ട് നാലായിരത്തോളം ഡോക്ടര്‍മാര്‍ പങ്കെടുത്ത പഠനത്തില്‍ ആശങ്കാജനകമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും സംഘടന ചൂണ്ടിക്കാട്ടി.

പ്രതിമാസം മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഏതാണ്ട് 82 ശതമാനം ഡോക്ടര്‍മാര്‍ക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. തൊഴിലില്ലായ്മയും തുച്ഛമായ ശമ്പളവും മൂലം 70 ശതമാനം ഡോക്ടര്‍മാരും കേരള സംസ്ഥാനം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്നു. ഏതാണ്ട് 81 ശതമാനം ജൂനിയര്‍ ഡോക്ടര്‍മാരും നിര്‍ബന്ധിത ബോണ്ട് സര്‍വീസില്‍ പെട്ടവരാണ്.

ശമ്പളം, സ്‌റ്റൈപെന്റ് മുതലായവ കൃത്യമായ സമയത്ത് വിതരണം ചെയ്യപ്പെടുന്നില്ല. വിദേശ വിദ്യാഭ്യാസം നടത്തി കേരളത്തില്‍ എത്തിയ ഡോക്ടര്‍മാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയമെന്നും പഠനം ചൂണ്ടികാട്ടി. അധിക ജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കുകയും കൃത്യമായ സമയത്ത് തന്നെ ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും തൊഴിലിടത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. മിനിമം ശമ്പളം 80,000 രൂപ എന്നുള്ള നിലപാട് നടപ്പിലാക്കുവാന്‍ ഇതുമായി ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും അറിയിച്ചു.