ഫോൺ ഉപയോഗം വിലക്കി; മാതാപിതാക്കളുടെ ഉപദേശത്തിന് പിന്നാലെ കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ജീവനൊടുക്കി
തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. തിരുവനന്തപുരം കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശിനെ (15) ആണ് വീടിനുള്ളിൽ ഷാൾ കഴുത്തിൽ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട പി.ആർ. വില്യം സ്‌കൂളിലെ വിദ്യാർത്ഥിയാണ്. പഠനത്തിൽ ശ്രദ്ധിക്കാൻ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിൽ മനംനൊന്താണ് 15കാരൻ കടുംകൈ ചെയ്‌തത്.
കഴിഞ്ഞദിവസം വൈകാശിന്റെ മാതാപിതാക്കൾ സ്‌കൂളിലും ട്യൂഷൻ സെന്ററിലും എത്തി അദ്ധ്യാപകരെ കണ്ടിരുന്നു. പത്താം ക്ലാസിലായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഫോൺ ഉപയോഗം കുറയ്ക്കണമെന്നും അദ്ധ്യപകർ മാതാപിതാക്കളോട് നിർദ്ദേശിച്ചു. സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ വൈകാശ് ഫോൺ ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇതേച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായി.
പിണങ്ങിപ്പോയ വൈകാശ് മുറിയിൽ കയറി വാതിലടച്ച് ഇരുന്നു. രാത്രി ഏറെ വൈകിയിട്ടും കുട്ടി പുറത്തു വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. പുറത്തെ ജനലിലൂടെ നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ ഷാള് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടാക്കട പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.