ശബരിപാത: റെയിൽവേ കൃത്യമായ നിലപാട് അറിയിച്ചില്ല
Wednesday 22 January 2025 12:18 AM IST
തിരുവനന്തപുരം: ശബരിപാതയുടെ കാര്യത്തിൽ റെയിൽവേ കൃത്യമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. അങ്കമാലിയിൽ നിന്ന് തുടങ്ങുന്ന പാത വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ റെയിൽവേയുമായി ചർച്ച പുരോഗമിക്കുകയാണ്.
കൂടുതൽ മെമു അനുവദിക്കണമെങ്കിൽ നിലവിലെ ഇരട്ടപ്പാതയോട് ചേർന്ന് മൂന്ന്, നാല് പാതകൾ സംസ്ഥാനം സ്വന്തം ചെലവിൽ നിർമ്മിക്കണമെന്നാണ് റെയിൽവേയുടെ ഉപദേശം. റെയിൽവേ ഭൂമിയിൽ ട്രാക്കുണ്ടാക്കേണ്ടത് റെയിൽവേ ആണെന്നാണ് സംസ്ഥാന നിലപാട്. ആഘോഷക്കാലത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിന് മുൻകൂട്ടി കലണ്ടർ തയ്യാറാക്കി റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പി.നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.