പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ: സംഭ്രാന്തി പരത്തി തട്ടിപ്പിന് നീക്കം

Saturday 29 March 2025 12:30 AM IST

കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഈ വർഷം പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങൾ വൈകുമെന്ന് പ്രചരിപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പ്. 90 രൂപ വിലയുള്ള പുസ്‌തകങ്ങൾക്ക് 250 രൂപയാണ് ഈടാക്കുന്നത്. പുസ്‌തകവിതരണം ജൂൺ 20നകം പൂർത്തിയാക്കാൻ എൻ.സി.ഇ.ആർ.ടി സമയ ക്രമം നിശ്ചയിച്ചിരിക്കെയാണ് തട്ടിപ്പ്.

2020ൽ തുടക്കംകുറിച്ച ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് 2025-26ൽ നാല്, അഞ്ച്, ഏഴ്, എട്ട് ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് മാറുന്നത്. എൻ.സി.ഇ.ആർ.ടിയുടെ നാഷണൽ കരിക്കുലം ഫ്രെയിംവർക്കാണ് പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചത്. സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ സ്‌കൂളുകൾ എൻ.സി.ഇ.ആർ.ടി പുസ്‌തകങ്ങളാണ് പഠിപ്പിക്കുന്നത്. പരിഷ്‌കരിച്ച പുസ്‌തകങ്ങൾ വൈകുമെന്ന് പ്രചരിപ്പിച്ചാണ് സ്വകാര്യ പ്രസാധകർ ഓർഡർ ശേഖരിക്കുന്നത്. കേന്ദ്ര സിലബസ് സ്‌കൂളുകളിൽ ഇവരുടെ പ്രതിനിധികൾ നേരിട്ടെത്തി ഓർഡർ എടുക്കുന്നുണ്ട്. മൊത്തമായി പുസ്‌തകങ്ങൾ വാങ്ങുമ്പോൾ കമ്മിഷൻ വാഗ്ദാനം നൽകുന്നതിനാൽ ചില സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ വലയിൽ വീഴുന്നുണ്ട്.

എൻ.സി.ഇ.ആർ.ടിയുടെ ഒരു പുസ്‌തകത്തിന് 90 രൂപയാണ് പരമാവധി വില. എല്ലാ പുസ്തകങ്ങളും 350 രൂപയ്ക്ക് ലഭിക്കും. സ്വകാര്യ പ്രസാധകർ ഒന്നിന് 250 രൂപ വരെയാണ് ഈടാക്കുന്നത്. മുഴുവൻ പുസ്‌തകങ്ങൾ വാങ്ങാൻ മൂവായിരത്തിലേറെ രൂപയാകും. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളും പഠിപ്പിക്കാമെന്ന വ്യവസ്ഥ മുതലെടുത്താണ് വില്പന.

പരിഷ്‌കരിച്ച പുസ്‌തകങ്ങളുടെ പ്രസിദ്ധീകരണം ഇന്നലെ എൻ.സി.ഇ.ആർ.ടി ആരംഭിച്ചു. ഓരോ ക്ളാസിലെയും ഓരോ പുസ്‌തകവും പുറത്തിറക്കുന്ന തീയതിയും പ്രഖ്യാപിച്ചു. ഭൂരിപക്ഷം പുസ്‌തകങ്ങളും സ്‌കൂൾ തുറക്കുമ്പോൾ ലഭിക്കും. ജൂൺ 20നാണ് അവസാന പുസ്‌തകം പുറത്തിറക്കുക. ഇവയുടെ പ്രാഥമികപാഠങ്ങൾ സോഫ്‌റ്റ് കോപ്പി ഉപയോഗിച്ച് പഠിപ്പിക്കാം. ഓൺലൈനിൽ പുസ്‌തകങ്ങൾ സ്‌കൂളുകൾ ബുക്ക് ചെയ്യുന്നതും ആരംഭിച്ചു.

പുസ്‌തകങ്ങൾ സമയബന്ധിതമായി പുറത്തിറക്കും. വ്യാജപതിപ്പ് ഉപയോഗിക്കേണ്ട കാര്യമില്ല.

-പ്രൊഫ. ഡി.പി. സൽക്കാനി

എൻ.സി.ഇ.ആർ.ടി ഡയറക്‌ടർ

പരിഷ്‌കരിച്ച എൻ.സി.ഇ.ആർ.ടി പുസ്‌തകങ്ങൾ സ്‌കൂൾ തുറക്കുമ്പോൾ ലഭിക്കും. രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ടതില്ല.

-ഡോ. ഇന്ദിര രാജൻ

സെക്രട്ടറി ജനറൽ

നാഷണൽ കൗൺസിൽ ഒഫ്

സി.ബി.എസ്.ഇ സ്കൂൾസ്