'ദേവദത്ത'ത്തിൽ ഇന്നലെ സദ്യ
തിരുവനന്തപുരം: ഇന്നലെ കുടുംബാംഗങ്ങൾക്കും പാർട്ടിക്കാർക്കുമൊപ്പം സദ്യയുണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മക്കളും മരുമക്കളുമെല്ലാം വീട്ടിലുള്ള ദിവസമായിരുന്നതുകൊണ്ട് അടപ്രഥമൻ ഉൾപ്പെടെ സദ്യയൊരുക്കി. ഇന്ത്യൻ റവന്യൂ സർവീസിൽ ഡെപ്യൂട്ടി കമ്മിഷണറായ മകൻ രമിത് ചെന്നിത്തല ഇന്നലെ വൈകിട്ട് ബംഗളൂരുവിലേക്ക് മടങ്ങി. മറ്റൊരു മകൻ ഡോ.രോഹിത് വട്ടപ്പാറ എസ്.യു.ടി ആശുപത്രിയിൽ ഡോക്ടറാണ്.
ചെന്നിത്തലയുടെ വഴുതക്കാട്ടെ 'ദേവദത്തം' വീട്ടിൽ രാവിലെ സന്ദർശകരുടെ തിരക്കായിരുന്നു. മന്ത്രിമാരായ എം.ലിജു, കെ.എ.തുളസി, ഡി.ജി.പി റവാഡ ചന്ദ്രശേഖർ എന്നിവരും മുസ്ലീംലീഗിലെ ചില എം.എൽ.എമാരും എത്തി. പിണറായി വിജയന്റെ ഗൺമാൻമാർ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക സംഘം മേധാവി ക്രൈംബ്രാഞ്ച് എസ്.പി എ.പി.ഷൗക്കത്തലിയും ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.