അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍; കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി എയര്‍ ആംബുലന്‍സ് പറന്നു

Monday 01 June 2026 10:25 PM IST

യുവാവിന്റെ ഹൃദയം ഇനി 48 കാരനില്‍ മിടിക്കും

ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായി

റോഡപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ അവയവങ്ങള്‍ ഇനി നാല് പേര്‍ക്ക് പുതുജീവിതമേകും. യുവാവിന്റെ ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് തിങ്കളാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി പറന്നിറങ്ങി. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്കാണ് ഹൃദയം എത്തിച്ചത്.

രാവിലെ 9.20ഓടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് അതീവ ജാഗ്രതയോടെ പുറപ്പെട്ട മെഡിക്കല്‍ സംഘം, കണ്ണൂര്‍ ഡി.എസ്.സി (DSC) സെന്റര്‍ ഹെലിപാഡില്‍ നിന്നാണ് എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം കൊച്ചിയിലേക്ക് തിരിച്ചത്. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറിലാണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ട് പോയത്. കൃത്യം 10.30 ഓടെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ഹെലിപാഡില്‍ ഹൃദയം എത്തിച്ചു. തുടര്‍ന്ന് മലപ്പുറം സ്വദേശിയായ 48 വയസ്സുകാരനില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്ന ആശുപത്രികളിലേക്കുള്ള വഴികളില്‍ റോഡ് ക്ലിയറന്‍സ് (ഗ്രീന്‍ ചാനല്‍) പോലീസ് സാധ്യമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങള്‍, ഡിഎസ്സി കണ്ണൂര്‍, ആസ്റ്റര്‍ മിംസ്, ചിപ്സണ്‍ ഏവിയേഷന്‍ എന്നിവ സംയുക്തമായാണ് ഈ ദൗത്യത്തിനായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ രാത്രി മുതല്‍ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നേരിട്ട് ഇടപെടലുകള്‍ നടത്തിയിരുന്നു.

യുവാവിന്റെ മറ്റ് മൂന്ന് അവയവങ്ങളും വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന രോഗികള്‍ക്ക് നല്‍കി. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശിയായ 59 വയസുകാരനായ രോഗിക്കും, ഒരു വൃക്ക കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ 45 വയസുകാരനുമാണ് നല്‍കിയത്. രണ്ടാമത്തെ വൃക്ക കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള 37 വയസുകാരനായ രോഗിക്കും നല്‍കി. ഈ നാല് ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു.

കഴിഞ്ഞ മെയ് 28-നുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് യുവാവിനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മെയ് 30-ഓടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) വഴിയാണ് അവയവദാന കൈമാറ്റ പ്രക്രിയകള്‍ ഏകോപിപ്പിച്ചത്.