വനം മന്ത്രിയുടെ വാഹനം തടഞ്ഞ് കാട്ടാന

Tuesday 02 June 2026 1:36 AM IST

ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ കാട്ടാന ഭീതി പരിഹരിക്കാനെത്തിയ വനം മന്ത്രിയുടെ വാഹനം തടഞ്ഞ് കാട്ടാന. ഞായറാഴ്ച രാത്രി 11ന് വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ചാർപ്പ വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു സംഭവം.

അതിരപ്പിള്ളിയിലെ കാട്ടാനയാക്രമണത്തിൽ വൈശേരിയിലെ പുല്ലാർക്കാട്ട് മോഹനൻ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ആനഭീതി പരിഹരിക്കാൻ ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് വനം മന്ത്രി ഷിബു ബേബി ജോണും സംഘവും. ആർ.ആർ.ടി സംഘം, വനംവകുപ്പ് ജീപ്പുകളുടെ പിന്നിലായിരുന്നു വാഹനം. അഞ്ച് മിനിറ്റോളം വഴിമുടക്കിയ ആന പിന്നീട് കാട്ടിലേക്ക് മടങ്ങി. ശേഷം മന്ത്രി യോഗത്തിൽ പങ്കെടുത്തു.