എ.ഐ ക്യാമറയിൽ 37കോടി കുടിശിക: കരാർ കമ്പനി കോടതിയിൽ
കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എ.ഐ ക്യാമറ പദ്ധതിയുടെ കുടിശിക ആവശ്യപ്പെട്ട് ഉപകരാറുകാരായ ബംഗളൂരുവിലെ എസ്.ആർ.ഐ.ടി ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ 36.95 കോടി രൂപ കിട്ടാനുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ സർക്കാരിന്റേയും പദ്ധതി നടത്തിപ്പ് ഏജൻസിയായ കെൽട്രോണിന്റേയും വിശദീകരണം തേടി.
സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ 'സേഫ് കേരള" പദ്ധതിയുടെ ഭാഗമായാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്.
വലിയ മുതൽമുടക്കിൽ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടും അർഹമായ തുക സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.726 കേന്ദ്രങ്ങളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കുകയും 14 ജില്ലാ കൺട്രോൾ റൂമുകളും ഒരു സെൻട്രൽ കൺട്രോൾ റൂമും സജ്ജമാക്കുകയും ചെയ്തു. 2022 മേയിൽ പദ്ധതി പൂർത്തിയായെങ്കിലും 'ഗോ ലൈവ്" പ്രഖ്യാപനം 15 മാസത്തോളം വൈകിപ്പിച്ചത് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.
പദ്ധതിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സർക്കാരും കെൽട്രോണും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. റോഡപകടങ്ങൾ കുറഞ്ഞതിനാലും പിഴയിനത്തിലും സർക്കാരിന് വലിയ നേട്ടമുണ്ടാകുമ്പോഴും അറ്റകുറ്റപ്പണിയും സാങ്കേതികസഹായവും നൽകി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്ന തങ്ങൾക്ക് അർഹമായ തുക നൽകുന്നില്ലെന്നാണ് ഹർജിക്കാരുടെ പരാതി. അംഗീകരിക്കപ്പെട്ട തുക ഭരണപരമായ കാരണങ്ങളാൽ തടഞ്ഞുവയ്ക്കുന്നത് നീതിയല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.