ബി.ജെ.പിയിലും കേന്ദ്ര മന്ത്രിസഭയിലും പുന:സംഘടന ഉടൻ
□കെ.സുരേന്ദ്രന് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും
തിരുവനന്തപുരം:പുതിയ പ്രസിഡന്റ് ചുമതലയേറ്റതോടെ ബി.ജെ.പിയിലും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കേന്ദ്ര മന്ത്രിസഭയിലും പുന:സംഘടനയ്ക്ക് നീക്കം തുടങ്ങി. മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രാജ്യസഭാ സീറ്റോ, കേന്ദ്ര നേതൃത്വത്തിൽ സുപ്രധാന പദവിയോ ലഭിച്ചേക്കുമെന്നാണ് സൂചന. പ്രസിഡന്റെന്ന നിലയിൽ സംസ്ഥാനത്ത് പാർട്ടി വളർച്ചയ്ക്ക് മികച്ച സംഭാവന നൽകിയ കെ.സുരേന്ദ്രന് സുപ്രധാന പദവികളൊന്നും നൽകിയിട്ടില്ല.
ജൂൺ 18നാണ് രാജ്യസഭയിൽ.പത്ത് സംസ്ഥാനങ്ങളിലെ 24സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പും,
മൂന്ന് സംസ്ഥാനങ്ങളിലെ 3 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പും .ഇതിൽ 17സീറ്റുകൾ ബി.ജെ.പി.ക്ക് ഉറപ്പാണ്.സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ
രാജ്യസഭാ കാലാവധി തീരുകയാണ്. അദ്ദേഹത്തെ സംഘടനാ ചുമതലയിലേക്ക് മാറ്റുമെന്നാണറിയുന്നത്. പകരം,കേന്ദ്ര മന്ത്രിസഭയിലേക്ക് കെ.സുരേന്ദ്രനേയോ, സി.സദാന്ദൻ മാസ്റ്ററേയോ പരിഗണിച്ചേക്കും. സദാനന്ദൻ മാസ്റ്റർ നിലവിൽ രാജ്യസഭാംഗമാണ് . അനിൽ ആന്റണി,അനൂപ് ആന്റണി എന്നിവരേയും പരിഗണിക്കുന്നു.
ദേശീയ തലത്തിൽ സംഘടനാ ചുമതലയിലേക്ക് കെ.സുരേന്ദ്രൻ,ജോർജ് കുര്യൻ,ശോഭാ സുരേന്ദ്രൻ,പത്മജാ വേണുഗോപാൽ,അനൂപ് ആന്റണി എന്നിവരേയാണ് പരിഗണിക്കുന്നത്.നിലവിൽ എ.പി.അബ്ദുള്ളക്കുട്ടിയും അനിൽ ആന്റണിയുമാണ് പാർട്ടി ദേശീയ ചുമതലയിലുള്ളത്.ശോഭാസുരേന്ദ്രനെ മഹിളാമോർച്ച ദേശീയ പ്രസിഡന്റ്,ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്കായിരിക്കും പരിഗണിക്കുക.ജോർജ് കുര്യനെയോ,അനൂപ് ആന്റണിയെയോ ദേശീയ ന്യൂനപക്ഷ മോർച്ചയുടെ സുപ്രധാന സ്ഥാനത്തേക്ക്
പരിഗണിച്ചേക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് തിരുവനന്തപുരം നോർത്ത് ജില്ലയുൾപ്പെടെ 11ജില്ലകളിൽ പ്രസിഡന്റുമാരെ മാറ്റണമെന്ന് ശുപാർശയുണ്ട്. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് തിരുവനന്തപുരം മേയറായതോടെ, അദ്ദേഹത്തെ സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കും.