കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കണം
□മുഖ്യമന്ത്രി വിളിച്ച സെക്രട്ടറിമാരുടെ യോഗത്തിൽ ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ചുചേർത്ത സെക്രട്ടറിമാരുടെ യോഗത്തിൽ ആവശ്യം. ഇതു സുഗമമായ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സ്‌പെഷ്യൽ സെക്രട്ടറി റാങ്ക് മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്നത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമായിരുന്നു. സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളുടെ നടത്തിപ്പ്, വകുപ്പുകളുടെ പ്രവർത്തനം എന്നിവ ചർച്ചയായി. വ്യവസായ സംരംഭങ്ങളടക്കം മിക്ക പദ്ധതികൾക്കും അനുമതി നൽകുന്നതിന് ഇത്തരം ചട്ടങ്ങൾ തടസ്സമാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേക ആവശ്യത്തിനായി തയ്യാറാക്കിയ ചട്ടങ്ങൾ പോലും തുടരുന്നു. ഇത് ഭരണനിർവഹണത്തെ പ്രതിസന്ധിയിലാക്കും. പല നിയമപ്രശ്നങ്ങളും നേരിടേണ്ടി വരുമെന്നതിനാൽ ഇവ മറികടന്ന് തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥരും മടിക്കുകയാണ്. പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ഫയൽ നീക്കമടക്കം സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതിൽ ഉദ്യോഗസ്ഥരുടെ അഭിപ്രായം മുഖ്യമന്ത്രി തേടി. തീവ്ര പരിപാടി സംഘടിപ്പിച്ചിട്ടും ഫയൽ നീക്കം മന്ദഗതിയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ മറുപടികൾ കുറിച്ചെടുത്തു. വികസന കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും തേടി. ഒരു ടീമായി മുന്നോട്ടു പോകാമെന്നും വ്യക്തമാക്കി.
.