ഇന്ധന അധിക നികുതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷം; മണ്ടത്തരം വേണോയെന്ന് സതീശൻ

Wednesday 03 June 2026 12:20 AM IST

f

തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി സംസ്ഥാനം വേണ്ടെന്നു വച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. അധിക വരുമാനം വേണ്ടെന്നുവയ്ക്കുന്ന മണ്ടത്തരം കാട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞത് ചൂണ്ടിക്കാട്ടി, 'മണ്ടത്തരം ചെയ്യാനാണോ തന്നെ പ്രതിപക്ഷം ഉപദേശിക്കുന്നത് '' എന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ തിരിച്ചടിച്ചു. അധിക നികുതിയൊഴിവാക്കാത്തതിൽ പ്രതിഷേധിച്ച് ആദ്യ ദിനം പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

ഇന്ധന വിലവർദ്ധന എല്ലാ മേഖലകളെയും ബാധിച്ചെന്നും കേന്ദ്രത്തിന്റെ കൊള്ളയടിക്ക് സംസ്ഥാനം അനുകൂല നിലപാടെടുക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇന്ധന നികുതിയിനത്തിലെ അധിക വരുമാനമായി 3100കോടി കിട്ടിയിട്ടും എൽ.ഡി.എഫ് സർക്കാർ ഒരു രൂപ പോലും കുറച്ചിട്ടില്ലെന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. ഉമ്മൻചാണ്ടി സർക്കാർ നാലു തവണയായി 619 കോടിയാണ് വേണ്ടെന്നു വച്ചത്.മേയ് 15മുതൽ നാലു തവണ ഇന്ധനവില കൂട്ടി. ഏതു സമയത്തും ഇനിയും കൂട്ടാം.അധിക നികുതി വേണ്ടെന്നു വയ്ക്കുന്നതിൽ ഏതാനും ദിവസം കൂടി കാത്തിരുന്ന് തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു. എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേന്ദ്രം ഒത്താശചെയ്യുകയാണെന്നും, കേന്ദ്രത്തെ വിമർശിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു.

.

നിങ്ങളുണ്ടാക്കിയ കടം

തീർക്കേണ്ടേ:സതീശൻ

പ്രതിമാസം 500 കോടിയുടെ ഇന്ധന അധിക നികുതി വേണ്ടെന്നു വച്ചാൽ എൽ.ഡി.എഫ് സർക്കാർ വരുത്തിവച്ച കടം തീർക്കേണ്ടേയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ചോദിച്ചു. 2893കോടി സിവിൽസപ്ലൈസിന് കൊടുക്കാനുണ്ട്. ഇന്ധനവില ഏറ്റവും ഉയർന്നിരുന്നപ്പോൾ ക്ഷേമപെൻഷനായി 2രൂപ ഇന്ധന സെസേർപ്പെടുത്തിയതോടെ അയൽ സംസ്ഥാനങ്ങളേക്കാൾ വില വ്യത്യാസമായി. ഇതോടെ ഒന്നരലക്ഷം ടൺ ഡീസൽ ഉപയോഗം

പ്രതിമാസം കുറഞ്ഞു -സതീശൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി സതീശൻ ആവശ്യപ്പെട്ട, അധിക ഇന്ധന നികുതി വേണ്ടെന്നു വയ്ക്കാൻ തയ്യാറുണ്ടോയെന്ന് പിണറായി വിജയൻ ചോദിച്ചു. പാചകവാതക വിലയിൽ 57ശതമാനത്തിന്റെ വർദ്ധനവാണ്. 70000 ഹോട്ടലുകളിൽ പകുതിയും പൂട്ടി.നിത്യേന 450കിലോലിറ്റർ ഡീസൽ വേണ്ട കെ.എസ്.ആർ.ടി.സിയും പ്രതിസന്ധിയിലാണ്. 2018ൽ 509 കോടിയുടെ അധിക വരുമാനമാണ് വേണ്ടെന്നു വച്ചതെന്നും അദ്ദേഹം പറഞ്ഞു.