മാസപ്പടി കേസ്: ഉത്തരവ് കാത്ത് ഇ.ഡി

Wednesday 03 June 2026 11:27 PM IST

കൊച്ചി: സി.എം.ആർ.എൽ കമ്പനിയുടെ ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ വിനിയോഗമുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ പരിശോധനകളും നടപടികളും ഹൈക്കോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവിനു ശേഷം ഇ.ഡി ഊർജിതമാക്കും. അന്വേഷണം തടയാത്ത സാഹചര്യത്തിൽ ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇ.ഡി.

അന്വേഷണം തുടരാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കും വരെ തുടർനടപടി പാടില്ലെന്നാണ് നിർദ്ദേശം. വെള്ളിയാഴ്ച വ്യക്തമായ നിർദ്ദേശങ്ങളും അനുമതിയും ലഭിക്കുമെന്ന് ഇ.ഡി പ്രതീക്ഷിക്കുന്നു. വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിക്ക് സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന് നൽകിയ 1.72 കോടി രൂപയും വായ്പകളും സംബന്ധിച്ച വിലയിരുത്തൽ ഇ.ഡി തുടരുകയാണ്. വീണ താമസിക്കുന്ന പിണറായി വിജയന്റെ വീട് ഉൾപ്പെടെ പത്തിടങ്ങളിൽ നിന്ന് ലഭിച്ച രേഖകളുടെ സൂക്ഷ്മപരിശോധനയും ഒത്തുനോക്കലും തുടരുന്നു. വീണയുടെ മൊബൈൽ ഫോണിന്റെയും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ അടുത്തയാഴ്ച ലഭിക്കും.