ഭൂമി ഏറ്റെടുക്കൽ: 2014 മുതൽ പുതിയ നിരക്കിൽ നഷ്ടപരിഹാരം നൽകണം

Wednesday 03 June 2026 12:14 AM IST

കൊച്ചി: നേരത്തേ തുടങ്ങിയ ഭൂമി ഏറ്റെടുക്കൽ നടപടിയിൽ 2014 ജനുവരി ഒന്നിന് ശേഷമാണ് അന്തിമ നഷ്ടപരിഹാരത്തുക അനുവദിച്ചതെങ്കിൽ പുതിയ നിയമപ്രകാരമുള്ള നിരക്കാണ് നൽകേണ്ടതെന്ന് ഹൈക്കോടതി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം നിലവിൽ വന്ന 2014 ജനുവരി ഒന്നിനുശേഷവും പഴയ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകിയത് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് പി.എം.മനോജ് ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം എം.ജി റോഡിന് സമീപത്തെ ഭൂമിക്ക് 1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം കുറഞ്ഞ നഷ്ടപരിഹാരം നൽകിയതിനെതിരെ ചെന്നൈ രവികുമാർ പ്രോപ്പർട്ടീസ് നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. തേവരയിലെ അറ്റ്ലാന്റിസ് റെയിൽവേ മേൽപ്പാലത്തിനായാണ് ഹർജിക്കാരുടെ 161.568 സെന്റ് ഭൂമി ഏറ്റെടുത്തത്. ഇതിനായി 2013 ജൂലായിൽ കരാർവച്ചു. കരാർ പ്രകാരമുള്ള പകുതി തുകയും നൽകി. 2015 ലും 2016ലുമായിട്ടാണ് ബാക്കിത്തുക അനുവദിച്ച് ഉത്തരവിറക്കിയത്. ആകെ 39.17 കോടി രൂപ അനുവദിച്ചു. ഇതിനിടെ പുതിയ നിയമം നിലവിൽ വന്നതിനാൽ അതുപ്രകാരമുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.

ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തതെന്നും ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ വാദം. ഈ വാദം തള്ളിയ കോടതി നഷ്ടപരിഹാരം നിശ്ചയിച്ചതും ഇതിന്റെ അടിസ്ഥാനത്തിലുള്ള ആധാരവും റദ്ദാക്കി. മൂന്നുമാസത്തിനകം നഷ്ടപരിഹാരം നിശ്ചയിക്കാനും നിർദ്ദേശിച്ചു.