മുഖ്യമന്ത്രി, ശബരിമല കൊള്ളയിലെ നിലപാട് വ്യക്തമാക്കണം: ബി.ബി.ഗോപകുമാർ

Wednesday 03 June 2026 11:35 PM IST

തിരുവനന്തപുരം: നിലപാടുകളുടെ രാജകുമാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ, ശബരിമല സ്വർണക്കൊള്ളയിലെയും സി.എം.ആർ.എൽ അഴിമതിയിലെയും നിലപാട് കൂടി വ്യക്തമാക്കണമെന്ന് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി.ഗോപകുമാർ. ഇടതും വലതും ഒരേ മനസോടെ, പ്രവർത്തിക്കുന്നവരാണ്.

അധികാരത്തിലെത്തിയാൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനുള്ള ഭരണപരമായ ഉത്തരവാദിത്തം രണ്ടുപേരും കാണിക്കില്ല. അതിന് തെളിവാണ് നയപ്രഖ്യാപന പ്രസംഗമെന്നും നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെ എതിർത്ത് ഗോപകുമാർ പറഞ്ഞു. പ്രതിപക്ഷത്ത് ഇരുന്നപ്പോൾ 'സ്വർണ്ണം കട്ടവൻ ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്ന് പാടിയവർക്ക്, ഭരണകക്ഷിയായപ്പോൾ നിലപാടില്ല. കേരളത്തിലെ ഒരു രാജ്യസഭാ അംഗം ഉന്നയിച്ചത് 15 വർഷക്കാലമായി സി.എം.ആർ.എൽ 182 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും അവരുടെ ഡയറിയിലെ പേരുകളെ കുറിച്ച് അന്വേഷിക്കണമെന്നുമാണ്. മുഖ്യമന്ത്രി ഇതിൽ നിലപാട് വ്യക്തമാക്കണം. കേന്ദ്ര പദ്ധതികളെ വേറൊരു പദ്ധതിയായി അവതരിപ്പിക്കുന്നു. ആയുഷ്മാൻ ഭാരതിൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസിന്റെ തുകയുയർത്തി മുൻ മുഖ്യമന്ത്രിയുടെ പേരിലുള്ള പദ്ധതിയാക്കി. യുവാക്കൾക്ക് മുദ്രാ ലോൺ പ്രകാരം 6 ലക്ഷം വരെ ഈടില്ലാതെ വായ്പ നൽകുമ്പോൾ യുവാക്കളെ വഞ്ചിക്കാൻ അഞ്ച് ലക്ഷം വായ്പ കൊടുക്കുമെന്ന് പ്രഖ്യാപിക്കുന്നുവെന്നും ഗോപകുമാർ പറഞ്ഞു.