പരീക്ഷാ ക്രമക്കേടുകൾ: കുട്ടികൾക്ക് സർക്കാർ നിയമസഹായം നൽകും

Thursday 04 June 2026 12:00 AM IST

തിരുവനന്തപുരം: സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോടതിയിയെ സമീപിച്ച കുട്ടികൾക്ക് നിയമസഹായം നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ച വിദ്യാർത്ഥികൾ നിരാശയിലാണ്. പലർക്കും മാനസിക വിഭ്രാന്തിയുണ്ടായി. സംഭവത്തിൽ മാഫിയാബന്ധമുണ്ടെന്ന് സംശയിക്കുന്നു. കേന്ദ്രം ഇക്കാര്യത്തിൽ അലസമായാണ് പെരുമാറിയത്. നീറ്റ് പരീക്ഷാനടത്തിപ്പും സി.ബി.എസ്.ഇ മൂല്യനിർണയവും പൂർണമായും കേന്ദ്ര നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഇടപെടാനും നടപടിയെടുക്കാനും പരിമിതിയുണ്ട്. കുട്ടികളുടെ പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയും ആശങ്കകൾ അറിയിച്ചും കേന്ദ്രത്തിന് കത്തുനൽകിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുവേണ്ടി എൻ.ഷംസുദ്ദീൻ പറഞ്ഞു.

ദേശീയതലത്തിൽ രാഷ്ട്രീയ പിന്തുണയുള്ള മാഫിയയാണ് അട്ടിമറികൾ നടത്തിയതെന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച ജി.ആർ.അനിൽ പറഞ്ഞു. പൊതുസമൂഹം ആശങ്കയോടെയാണ് കുട്ടികളുടെ പ്രശ്നത്തെ കാണുന്നതെന്നും നിയമസഭയുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.