പ്രതിപക്ഷ ഉപനേതാവ്: സി.പി.എം-സി.പി.ഐ ചർച്ച പരാജയം, ഇടതു മുന്നണിയിൽ അസാധാരണ സാഹചര്യം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് സി.പി.എം-സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയം. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. നിയമസഭയിൽ പ്രത്യേക ബ്ളോക്കായി ഇരിക്കുന്നതുൾപ്പെടെയുള്ള കടുത്ത നിലപാട് സി.പി.ഐ സ്വീകരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ രാവിലെ 11 മണിയോടെ എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി അരമണിക്കൂറോളം ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ 8 സീറ്റുകൾ സി.പി.ഐക്ക് ലഭിച്ചുവെന്നും ഉപനേതാവ് സ്ഥാനം വേണമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ ആവശ്യം. സി.പി.എം വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും ആവശ്യപ്പെട്ടു.
കീഴ് വഴക്കം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. 2011ൽ ഉപനേതൃസ്ഥാനമുണ്ടായതു മുതൽ സി.പി.എമ്മാണ് കൈവശം വച്ചിരിക്കുന്നത്. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും കൊടിയേരി ബാലകൃഷ്ണൻ ഉപനേതാവായതും ചൂണ്ടിക്കാട്ടി. കെ.എൻ.ബാലഗോപാലിനെ ഉപനേതാവാക്കാൻ സി.പി.എം തീരുമാനിച്ചതായും അറിയിച്ചു. ഇതോടെയാണ് ഉഭയകക്ഷി ചർച്ച അലസിപ്പിരിഞ്ഞത്.
ഇന്നത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയുടെ വിശദാംശങ്ങൾ ബിനോയ് വിശ്വം അറിയിക്കും. തുടർനടപടി സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. നിയമസഭയിൽ പ്രത്യേക ബ്ളോക്കായി ഇരിക്കുന്നതടക്കം പരിഗണനയിലുണ്ട്. മുന്നണിക്കുള്ളിൽ അസാധാരണ പ്രതിസന്ധിയാണ് രൂപപ്പെടുക. നാളത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. 7,8 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും യോഗം ചേരും. അടുത്ത ആഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ ഘടകകക്ഷികൾ സി.പി.എം നിലപാടിനെ പിന്തുണച്ചാൽ സി.പി.ഐക്ക് കീഴടങ്ങേണ്ടി വരും.
``സി.പി.എമ്മിനും സി.പി.ഐക്കും ഒരുമിച്ച് പോകാനുള്ള തീരുമാനങ്ങളെടുക്കാൻ കഴിയണം. ഉപനേതാവ് സ്ഥാനം എന്തുകൊണ്ട് തരാൻ പറ്റില്ലെന്ന് വ്യക്തമാക്കേണ്ടത് സി.പി.എം.``
-ബിനോയ് വിശ്വം