പ്രതിപക്ഷത്ത് യു.ഡി.എഫിനെ പോലെയാകില്ല എൽ.ഡി.എഫ്: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ സ്ഥാനത്ത് യു.ഡി.എഫിനേപ്പോലെയാകില്ല എൽ.ഡി.എഫെന്ന് പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിലെ നന്ദി പ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം സർക്കാരിനോട് സഹകരിക്കുകയും വിമർശിക്കുയും ചെയ്യും. ക്രിയാത്മക പ്രതിപക്ഷമായിരിക്കും ഇടതുപക്ഷം. വാജ്പേയി സർക്കാർ കേന്ദ്രം ഭരിച്ചപ്പോൾ കേരളത്തിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാർ കേന്ദ്ര നയങ്ങളാണ് നടപ്പിലാക്കാൻ ശ്രമിച്ചത്. ഇപ്പോൾ മോദി സർക്കാരിന്റെ നയങ്ങളാണ് പിന്തുടരുന്നതെന്ന് നയപ്രഖ്യാപനം കേട്ടപ്പോൾ മനസിലായി. വന്ദേമാതരത്തിലെ ആദ്യത്തെ രണ്ട് ഈരടികൾക്ക് ആരും എതിരല്ല. പൂർണമായി ആലപിക്കുന്നതിനോടാണ് എതിർപ്പ്. അത് രാഷ്ട്രീയ പ്രശ്നമായിട്ടാണ് ഞങ്ങൾ കാണുന്നത്. അത് മത വർഗീയ പ്രശ്നമായി ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ നിന്നും വ്യത്യസ്ഥമായി എം.എൽ.എമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ വന്ദേമാതരം രണ്ട് ഈരടികൾ മാത്രം ചൊല്ലിയത് പ്രതിപക്ഷം തിരുത്തൽ ശക്തിയാതിന്റെ തെളിവാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ലോക്ഭവൻ കഴിഞ്ഞ 10 വർഷത്തിനു ശേഷം ഇപ്പോഴായിരിക്കും സന്തോഷിച്ചിട്ടുണ്ടാകുകയെന്ന് നന്ദി പ്രമേയത്തെ എതിർത്ത്, സി.പി.ഐ നിയമസഭാകക്ഷി നേതാവ് കെ.രാജൻ പറഞ്ഞു. ഗവർണർക്ക് വായിക്കാൻ കഴിയാത്ത ഒരു വരിപോലും നയപ്രഖ്യാപനത്തിലുണ്ടായിരുന്നില്ല. മുനമ്പം വിഷയം 10 മിനിട്ടുകൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പരിഹരിക്കപ്പെട്ടില്ലെന്നും രാജൻ പറഞ്ഞു.