പിന്നാക്ക ക്ഷേമവകുപ്പ് കാര്യക്ഷമമാക്കണം: സ്വാമി സച്ചിദാനന്ദ

Thursday 04 June 2026 2:00 AM IST

ശിവഗിരി: പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കായി സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗുരുധർമ്മ പ്രചരണ സഭയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി. ഈഴവർ,വിശ്വകർമജർ, ധീവരർ തുടങ്ങി 42ലധികം പിന്നാക്ക സമുദായങ്ങളുടെ പുരോഗതിയാണ് പിന്നാക്ക വിഭാഗ ക്ഷേമവകുപ്പിന്റെ ലക്ഷ്യം. പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി ഇത്തരമൊരു വകുപ്പുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. സെക്രട്ടേറിയറ്റിൽ പിന്നാക്ക വിഭാഗ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട വകുപ്പ് ഇപ്പോൾ പട്ടികജാതി-പട്ടികവർഗ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിനും കാബിനറ്റ് റാങ്കോടുകൂടിയ സംവിധാനവും ആവശ്യമായ ഉദ്യോഗസ്ഥ നിയമനങ്ങളും ഉറപ്പാക്കുന്നതിന് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്വാമി പറഞ്ഞു.