രോഗിയെ പുഴുവരിച്ച സംഭവം: മുറിവ് കൃത്യമായി പരിശോധിച്ചില്ല, ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Thursday 04 June 2026 2:02 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യുവിൽ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ചികിത്സാപിഴവെന്ന് അന്വേഷണ റിപ്പോർട്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാലിലെ ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടർമാർ വേണ്ടവിധം പരിശോധിക്കാത്തതാണ് പുഴുവരിക്കാൻ കാരണം. കമ്പിയിട്ട് ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇവേളയിൽ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ തയ്യാറായില്ല. നഴ്സുമാരാണ് ഇത് ചെയ്യേണ്ടത്. എന്നാൽ ഇത് ഡോക്ടർമാർ പരിശോധിച്ച് ഉറപ്പാക്കിയതുമില്ല.

രക്തവും പഴുപ്പും കെട്ടിക്കിടന്നാണ് ദുർഗന്ധം വമിക്കുന്ന സ്ഥിതിയായത്. ഇത് കൃത്യവിലോപമാണെന്നും റിപ്പോർട്ടിലുണ്ട്. സംഭവം ചൂണ്ടിക്കാട്ടിയ കുടുംബാംഗങ്ങളോട് മോശമായി പെരുമാറിയ ജീവനക്കാർക്കെതിരെ നടപടിക്ക് വഴിയൊരുക്കുന്ന റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ അവസ്ഥ പുറത്തുവന്നതിന് പിന്നാലെ മന്ത്രി കെ.മുരളീധരൻ നിയോഗിച്ച അന്വേഷണ സംഘമാണ് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചത്. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അദ്ധ്യക്ഷനും ഓർത്തോ, സർജറി വിഭാഗം തലവന്മാർ അംഗങ്ങളുമായ സമിതിയാണ് അന്വേഷിച്ചത്.

എന്നാൽ പരിമിതമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് അന്വേഷണ സംഘത്തിനിടയിൽ അഭിപ്രായമുണ്ടായെന്നാണ് സൂചന. വീഴ്ചകണ്ടെത്തിയാൽ കടുത്ത നടപടിയെന്നാണ് മന്ത്രിയുടെ നിലപാട്. കഴിഞ്ഞമാസം 28നാണ് രാജേന്ദ്രപ്രസാദിനെ അപകടത്തിൽ കാലിന് ഗുരുതര പരുക്കേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഐ.സി.യുവിൽ നിന്ന് തിങ്കളാഴ്ച രാത്രി വാർഡിലേക്ക് മാറ്റിയപ്പോഴാണ് പുഴുവരിച്ചത് കണ്ടെത്തിയത്.