സാമ്പത്തിക പ്രതിസന്ധിയിൽ കേരളോത്സവം

Wednesday 22 January 2025 12:00 AM IST

തൃശൂർ: സാമ്പത്തിക പ്രതിന്ധി മൂലം സർക്കാർ അനുമതി നൽകാത്തതിനാൽ സംസ്ഥാനതല കേരളോത്സവത്തിന്റെ നടത്തിപ്പിൽ അവ്യക്തത തുടരുന്നു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ജില്ലാതലം വരെ കേരളോത്സവങ്ങൾ പൂർത്തിയാക്കിയിരുന്നു. ജനുവരി ആദ്യവാരം സംസ്ഥാനതലത്തിൽ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ,ജനുവരി അവസാനവാരമെത്തുമ്പോഴും യുവജനക്ഷേമ ബോർഡ് മത്സര തീയതി പോലും തീരുമാനിച്ചിട്ടില്ല. ഭൂരിഭാഗം ജില്ലകളിലും ഡിസംബർ 31ഓടെ ജില്ലാതലം പൂർത്തിയാക്കി. ആലപ്പുഴയിലാണ് സംസ്ഥാനതല മത്സരം നടത്താൻ തീരുമാനിച്ചെങ്കിലും ഇതിൽ കൃത്യതയായിട്ടില്ലെന്നാണ് ജില്ലാതല ഉദ്യോസ്ഥർ പറയുന്നത്. നവംബർ ആദ്യവാരമാണ് കേരളോത്സവം നടത്താൻ സർക്കാർ അനുമതി നൽകിയത്.

ആളില്ലാതെ വേദികൾ

ഒരു കാലത്ത് കേരളോത്സവത്തെ ആവേശപൂർവം കണ്ടിരുന്ന ക്ലബുകളും കായികതാരങ്ങളും പിന്തിരിയുകയാണ്. ഇപ്പോൾ പൂർത്തിയായ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് പകുതി പോലും ആളില്ല. പല ജില്ലകളിലും സ്‌കൂൾ കലോത്സവങ്ങൾ നടക്കുന്ന സമയത്താണ് കേരളോത്സവം നടന്നത്. അതുകൊണ്ട് 15 മുതൽ 17 വയസ് വരെയുള്ള ഭൂരിഭാഗം കുട്ടികളും വിട്ടുനിന്നു. സംസ്ഥാനതലം പ്രഖ്യാപിച്ചതും സംസ്ഥാന സ്‌കൂൾ കലാമേള നടക്കുന്ന സമയമായതിനാൽ ജില്ലാതലങ്ങളിൽ വിജയിച്ചാലും സംസ്ഥാന തലത്തിൽ പങ്കെടുക്കാനാകുമോയെന്ന ആശങ്കയുമുണ്ടായി.

വീണ്ടും ഒരുങ്ങണം

ജില്ലാതലം അവസാനിക്കുന്നതോടെ സംസ്ഥാനതല മത്സരങ്ങളും നടത്തിയാൽ മത്സരാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ജില്ലാതലം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും സംസ്ഥാനതലം പ്രഖ്യാപിക്കാത്തത് മൂലം വീണ്ടും അതിനായി തയ്യാറെടുപ്പ് നടത്തേണ്ട സ്ഥിതിയാണ്.